ഉത്തരക്കടലാസ് നഷ്ടമായത് ബൈക്ക് യാത്രക്കിടെ: അധ്യാപകനെതിരെ നടപടിയെന്ന് കൺട്രോളർ

By Web TeamFirst Published Feb 5, 2021, 2:19 PM IST
Highlights

മൂല്യനിർണയത്തിന് ശേഷം ഉത്തരക്കടലാസുമായി ബൈക്കിൽ പോകുന്നതിനിടെയാണ് നഷ്ടപ്പെട്ടതെന്ന് അധ്യാപകനായ എംസി രാജേഷ് പറഞ്ഞു

കണ്ണൂർ:  കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം ഉത്തരക്കടലാസുകൾ വഴിയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് പരീക്ഷാ കൺട്രോളർ ഡോ പിജെ വിൻസന്റ്. വീട്ടിൽ നിന്ന് മൂല്യനിർണയം നടത്താൻ വേണ്ടി സർവകലാശാലയിൽ നിന്നും മയ്യിൽ ഐടിഎം കോളേജ് അസിസ്റ്റന്റ് പ്രൊഫസർ എംസി രാജേഷ് ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് വഴിയിൽ നിന്ന് കിട്ടിയതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രൊ വിസി എ സാബു അധ്യക്ഷനായ സമിതിക്ക് അന്വേഷണ ചുമതല നൽകി. അധ്യാപകൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഉത്തരകടലാസുകൾ വഴിയിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. കുറ്റക്കാരനായ അധ്യാപകനെ പരീക്ഷാ ചുമതലകളിൽ നിന്ന് മാറ്റി നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂല്യനിർണയത്തിന് ശേഷം ഉത്തരക്കടലാസുമായി ബൈക്കിൽ പോകുന്നതിനിടെയാണ് നഷ്ടപ്പെട്ടതെന്ന് അധ്യാപകനായ എംസി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നതായും അധ്യാപകൻ വ്യക്തമാക്കി. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്ന് കിട്ടിയത്. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ ലഭിച്ചത്. ഡിസംബർ 23 ന് നടന്ന പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകൾ. പരീക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. പിന്നാലെ പരീക്ഷാ ബോർഡ് അടിയന്തിര യോഗം ചേർന്നു. സംഭവം അന്വേഷിക്കാനും മൂല്യനിർണയം നടത്തിയ അധ്യാപകനോട്‌ വിശദീകരണം തേടാനും തീരുമാനിച്ചു. 

click me!