Priya Varghese : 1.3 ലക്ഷം ശമ്പളം: പ്രിയ വർഗീസിന് ജോലി നൽകാൻ 'ശുഭ മുഹൂർത്തം' കാത്ത് വിസിയും സർവകലാശാലയും

Published : Dec 15, 2021, 08:32 AM IST
Priya Varghese : 1.3 ലക്ഷം ശമ്പളം: പ്രിയ വർഗീസിന്  ജോലി നൽകാൻ 'ശുഭ മുഹൂർത്തം' കാത്ത് വിസിയും സർവകലാശാലയും

Synopsis

മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖത്തിൽ പങ്കെടുത്ത പ്രിയ വർഗ്ഗീസിന് യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്നാണ് ആരോപണം

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് മതിയായ യോഗ്യതയുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കണ്ണൂർ സർവകലാശാല. അധ്യാപന പരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും നിയമോപദേശത്തിനായി കാത്തിരിക്കുകയാണെന്നുമാണ് വിശദീകരണം. അഭിമുഖം നടത്തി നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും വിവാദം ഭയന്നാണ്.

കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അഭിമുഖത്തിൽ പങ്കെടുത്ത പ്രിയ വർഗ്ഗീസിന് യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്നാണ് ആരോപണം. എഫ്ഡിപി അഥവാ ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ, അധ്യാപന പരിചയമായി അപേക്ഷയിൽ ചേർത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്ഡിപി അധ്യാപന പരിചയമല്ലെന്നും പരാതിക്കാർ പറയുന്നു.

അഭിമുഖം നടത്തി 29 ദിവസം പിന്നിട്ടിട്ടും ആരെയാണ് തെരഞ്ഞെടുത്തതെന്ന് ഇതുവരെ സർവകലാശാല പറഞ്ഞിട്ടില്ല. പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇന്റർവ്യൂ നടന്ന അന്ന് തന്നെ വാർത്തയും വന്നിരുന്നു. ഈ വാർത്ത വിസി നിഷേധിച്ചിട്ടുമില്ല. 

അഭിമുഖം നടത്താൻ തിടുക്കം

നവംബർ 12 - അപേക്ഷ അയക്കാനുള്ള അവസാന തീയതി
നവംബർ 13 - യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്
നവംബർ 14 - രണ്ടാം ശനി ആയിട്ടും ഉദ്യോഗാർത്ഥികളെ ഇന്‌ർവ്യൂ വിവരം അറിയിച്ചു
നവംബർ 18 -  ഇന്റർവ്യൂ നടത്തി. ശരവേഗത്തിൽ നടപടി ക്രമം പൂർത്തിയാക്കി പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്കും നൽകി. അപ്പോഴേക്കും കെകെ രാഗേഷിന്റെ ഭാര്യയ്ക്ക് അനധികൃത നിയമമെന്ന വാർത്ത പ്രചരിച്ചു.

പരാതിയും വിവാദങ്ങളും ഭയന്ന് റാങ്ക് പട്ടിക പുറത്തുവിടാതെ ഒളിച്ചുകളി തുടരുകയാണ് യൂണിവേഴ്സിറ്റി. പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായാണ് ഈ നീണ്ട കാത്തിരിപ്പെന്നാണ് വിസി പറയുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാന്റിങ് കൗൺസിലായ അഡ്വക്കറ്റ് ഐവി പ്രമോദാണ് ഈ നിയമോപദേശം നൽകേണ്ട ആൾ. പ്രിയയ്ക്ക് അനുകൂലമായി നിയമോപദേശം ദിവസങ്ങൾക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. ചുരുക്കിപ്പറഞ്ഞാൽ പ്രിയ വർഗ്ഗീസിന് മാസാമാസം 1.3 ലക്ഷം ശമ്പളം കിട്ടുന്ന ജോലി നൽകാൻ വിവാദവും ബഹളമൊക്കെ തീരുന്ന ഒരു ശുഭ മുഹൂർത്തം കാത്തിരിക്കുകയാണ് വൈസ് ചാൻസിലറും കൂട്ടരും.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി