Kannur University : പ്രിയ വർഗീസിന്‍റെ നിയമനത്തിൽ തീരുമാനമെടുക്കാതെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

By Web TeamFirst Published Dec 14, 2021, 4:20 PM IST
Highlights

27ആം തീയതി ചേരുന്ന സിൻഡിക്കേറ്റിൽ വിഷയം വീണ്ടും പരിഗണിക്കാനാണ് ധാരണ. പ്രിയയ്ക്കായിരുന്നു അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകിയതെങ്കിലും യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം പരിഹരിക്കാൻ നിയമ ഉപദേശം നേടിയാണ് നിയമനത്തിന് നീക്കം നടത്തുന്നത്.

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻ്റെ (K K Ragesh) ഭാര്യ പ്രിയ വർഗ്ഗീസ് (Priya Varghese) ഉൾപെട്ട അസോസിയേറ്റ് പ്രഫസറുടെ നിയമന വിഷയത്തിൽ തീരുമാനമെടുക്കാതെ കണ്ണൂർ യൂണിവേഴ്സിറ്റി (Kannur University) സിൻഡിക്കേറ്റ് യോഗം. എടുത്തു ചാടി നിയമനം നടത്തേണ്ട എന്ന് വിലയിരുത്തലിലാണ് സർവകലാശാല. വിവാദങ്ങളുടെ ഗതി നോക്കിയ ശേഷം മതി തീരുമാനമെന്ന് സിണ്ടിക്കേറ്റിൽ ധാരണയായി. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം അവസാനിച്ചു. 

27ആം തീയതി ചേരുന്ന സിണ്ടിക്കേറ്റിൽ വിഷയം വീണ്ടും പരിഗണിക്കാനാണ് ധാരണ. പ്രിയയ്ക്കായിരുന്നു അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകിയതെങ്കിലും യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം പരിഹരിക്കാൻ നിയമ ഉപദേശം നേടിയാണ് നിയമനത്തിന് നീക്കം നടത്തുന്നത്. അതേ സമയം യൂണിവേഴ്സിറ്റിക്ക് പുറത്ത് വൈസ് ചാൻസിലറുടെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയ യുത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.

പ്രിയാ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കമാണ് വിവാദത്തിലായിരിക്കുന്നത്. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നാണ് പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേണഷ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം  അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. അപ്പോള്‍ പ്രയാ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രം.

ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവര്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉളളതിനാല്‍ ഈ തസ്തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. 

അഭിമുഖത്തിൽ പ്രിയയെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ വിഷയം വിവാദമായിരുന്നു. പിന്നീട് അഭിമുഖത്തിൽ പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടുകയും ചെയ്തു. പക്ഷേ നിയമം നടത്തിയില്ല. യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് വൈസ് ചാൻസിലർ പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്യാനായി വിനിയോഗിച്ച് കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതിൽ വ്യക്തത ഇല്ലെന്നായിരുന്നു വിസിയുടെ വിശദീകരണം. 

Read More : 'പ്രിയ വ‍ർഗ്ഗീസിന്റെ യോഗ്യതയിൽ ആശയക്കുഴപ്പം, നിയമോപദേശത്തിന് ശേഷം തുടർനടപടി':കണ്ണൂർ വിസി

ഒരാൾക്ക് അവസരം നഷ്ടമാകരുത് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം നൽകി പ്രിയയെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നും നിയമോപദേശം കിട്ടിയ ശേഷമേ തുടർ നടപടി ഉണ്ടാകൂവെന്നുമാണ് ഗോപിനാഥ് രവീന്ദ്രൻ അന്ന് പറഞ്ഞത്. നിയമം വിട്ട് ഇതുവരെ ഒരു കാര്യവും ചെയ്തിട്ടില്ലെന്നായിരുന്നു കണ്ണൂർ വിസിയുടെ അവകാശവാദം. 

Read More: കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമന നീക്കം: വിസിയോട് വിശദീകരണം തേടി ഗവർണർ; സ്വാഭാവിക നടപടിക്രമം മാത്രമെന്ന് വിസി

click me!