Asianet News MalayalamAsianet News Malayalam

Kannur University : 'പ്രിയ വ‍ർഗ്ഗീസിന്റെ യോഗ്യതയിൽ ആശയക്കുഴപ്പം, നിയമോപദേശത്തിന് ശേഷം തുടർനടപടി':കണ്ണൂർ വിസി

 പ്രിയ വ‍ർഗ്ഗീസിനെ (priya varghese)അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന്   മതിയായ യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. 

 

Kannur University Vice chancellor response over kk ragesh wife priya's appointment controversy
Author
Kannur, First Published Nov 24, 2021, 8:55 AM IST

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ (kk ragesh) ഭാര്യ പ്രിയ വ‍ർഗ്ഗീസിന് (priya varghese) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കുന്നതിനാവശ്യമായ യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതിൽ വ്യക്തത ഇല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രിയയെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നും വിസി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 

ഒരാൾക്ക് അവസരം നഷ്ടമാകരുത് എന്നാണ് യൂണിവേഴ്സിറ്റി കരുതിയത്. ആ തിരുമാനത്തിന്റെ ഭാഗമായാണ് ഇന്റർവ്യൂവിന് പങ്കെടുപ്പിച്ചത്. നിയമ ഉപദേശം കിട്ടിയ ശേഷമേ തുടർ നടപടി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ പ്രിയാ വർഗീസിനാണോ ഒന്നാം റാങ്ക് എന്ന കാര്യത്തിൽ ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

യൂണിവേഴ്സിറ്റിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സേവ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങളെ പോസറ്റീവായി കാണുന്നില്ല. എയിഡഡ് കോളേജുകളിൽ കേറാൻ വേണ്ടി അമ്പതും അറുപതും ലക്ഷങ്ങളാണ് എന്നോട് ആളുകള് പറയുന്നത്. ഈ രീതിയോട് യോജിപ്പില്ല. തുറന്ന കൈക്കൂലി വാങ്ങി ജോലിനേടുന്ന ഈ രീതിയാണ് മാറേണ്ടത്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണ് ഞാൻ. പക്ഷേ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. വിമ‍ർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാണെന്നും ഗോപിനാഥ് രവീന്ദ്രൻ കൂട്ടിച്ചേർത്തു. 

അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസർ എന്ന നിലയിൽ എട്ടുവർഷത്തെ അധ്യാപന പരിചയവും എട്ടിൽ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം. 2012 ൽ അസി പ്രൊഫസറായ പ്രിയ മൂന്ന് വർഷം പിഎച്ച്‍ഡി ചെയ്യാൻ അവധിയിൽ പോയി. രണ്ട് കൊല്ലം യൂണിവേഴ്സിറ്റി സ്റ്റുഡനറ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവർഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നുമാണ് സേവ് യൂണിവേഴ്സിറ്റിയും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നത്. 

കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമന നീക്കം: വിസിയോട് വിശദീകരണം തേടി ഗവർണർ; സ്വാഭാവിക നടപടിക്രമം മാത്രമെന്ന് വിസി

പ്രിയയുടെ നിയമന നീക്കം വിവാദമായതോടെ ഇടപെട്ട് ചാൻസിലർ കൂടിയായ ഗവർണ്ണർ ഇടപെട്ടിട്ടുണ്ട്. വിസിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. നിയമനത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് ഗവർണ്ണർ ആവശ്യപ്പെട്ടത്. 

കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് വിസി

Follow Us:
Download App:
  • android
  • ios