
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ചട്ടം ലംഘിച്ച് കോളേജിന് അനുമതി നൽകിയെന്ന് പരാതി. സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ പടന്ന ടി കെ സി എജുക്കേഷണൽ സൊസൈറ്റിക്ക് കോളജ് തുടങ്ങാൻ തിടുക്കത്തിൽ അനുമതി നൽകിയെന്നാണ് പരാതി. ചട്ടപ്രകാരം കോളജിന് അനുമതി നൽകേണ്ടത് സിന്റിക്കേറ്റാണ്. സർവ്വകലാശാല നിയമം അനുസരിച്ച് പുതിയ കോളേജ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കണം. എന്നാൽ ഇവിടെ സമിതി പരിശോധന നടത്തിയത് പോലും മെയ് മാസത്തിലാണ്. ചട്ടപ്രകാരം ആർട്സ് ആൻറ് സയൻസ് കോളജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി വേണമെങ്കിലും പടന്ന കോളജിനുള്ളത് നാല് ഏക്കർ മാത്രമാണ്. ഇതോടെ സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഗവർണർക്കും പരാതി നൽകി.
ഇക്കഴിഞ്ഞ ജൂലായ് 20നാണ് ടി കെ സി എജുക്കേഷൻ ആന്റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻറ് സയൻസ് കോളേജ് തുടങ്ങാൻ അനുമതി നൽകിയ വിവരം സിന്റിക്കേറ്റ് അംഗങ്ങളെ വൈസ് ചാൻസലർ സിൻറിക്കറ്റ് നോട്ട് വഴി അറിയിച്ചത്. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്നും വൈസ് ചാൻസലർ അല്ല സിൻറിക്കറ്റ് ആണ് കോളജിന് അനുമതി നൽകേണ്ടതെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു.
ടി കെ സി എജുക്കേഷണൽ സൊസൈറ്റിക്ക് 4 ഏക്കർ ഭൂമിയേ ഉള്ളൂവെന്നും സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് അനുമതിയുള്ള കരഭൂമിയല്ല ഇതെന്നും സിൻറിക്കറ്റ് നോട്ടിൽ വൈസ് ചാൻസലർ തന്നെ വ്യക്തമാക്കുന്നുണ്ട്. പുതിയ കോളേജിന് അംഗീകാരം നൽകാനുള്ള തീരുമാനം തടയണമെന്നും, വൈസ് ചാൻസലർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ആവശ്യം. എന്നാൽ വിഷയത്തിൽ വൈസ് ചാൻസലറുടെ വിശദീകരണം ലഭ്യമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam