kannur vice chancellor : സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു; കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം

Published : Nov 23, 2021, 05:10 PM ISTUpdated : Nov 23, 2021, 06:16 PM IST
kannur vice chancellor : സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു; കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം

Synopsis

ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പ്രഫസറായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ 2017 നവംബറിലാണ് കണ്ണൂര്‍ വിസിയായി ചുമതലയേല്‍ക്കുന്നത്. ദില്ലിയിലെ സെന്‍റ് സ്റ്റീഫന്‍സിലും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലുമായിരുന്നു പഠനം.   

കണ്ണൂര്‍: ഇന്ന് കാലാവധി അവസാനിക്കുന്ന കണ്ണൂർ വിസി (kannur Vice Chancellor)  ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം. സർക്കാരിന്‍റെ ശുപാർശ പരിഗണിച്ച് വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടാണ് ഗവർണ്ണർ പുനർനിയമനം അംഗീകരിച്ചത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിസിക്ക് പുനർനിയമനം നൽകുന്നത്. കണ്ണൂർ വിസി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്‍റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയ നിയോഗിച്ചിരുന്നു.

നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്കുള്ള പുനർനിയമനം നല്‍കിയിരിക്കുന്നത്.  അതേസമയം 60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സർവ്വകലാശാല ചട്ടം മറികടന്നുള്ള നിയമനമെന്നാണ് പരാതി. കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തെന്ന പരാതി നിലനിൽക്കെ വിസിക്ക് പുനർനിയമനത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് ആരോപണം. എന്നാല്‍ പുനർനിയമനത്തിന് പ്രായപരിധി പ്രശ്‍നമല്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിസി നിയമനമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്. പുനർനിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നത്. 

അതേസമയം കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വ‍ർഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കത്തില്‍ ഇടപെട്ട് ഗവർണ്ണർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറർ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണം തേടി. പ്രിയ വർഗീസിന്റെ നിയമനത്തിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് ഇന്നലെ വിസി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ വിഷയത്തിൽ വിസിയോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

അധ്യാപന രംഗത്ത് 27 വർഷമായി തുടരുന്ന എസ്ബി കോളേജ് എച്ച് ഒ ഡി ജോസഫ് സ്കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പ്രിയയ്ക്ക് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നൽകിയത്. റിസർച്ച് പേപ്പറുകളും ലേഖനങ്ങളുമായി 150 ലേറെ പ്രസിദ്ധീകരണങ്ങളും ആറ് പുസ്തകങ്ങളും കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര ഫെല്ലോഷിപ്പ് ഇവയൊക്കെ ഉണ്ടെങ്കിലും അഭിമുഖത്തിൽ പ്രിയ വർഗീസിനോളം ജോസഫ് സ്കറിയ ശോഭിച്ചില്ല എന്നാണ് വൈസ്ചാൻസിലര്‍ ഉൾപ്പടെയുള്ള പാനലിന്റെ നിലപാട്.

തസ്‍തികയിലെ നിയമനത്തിന് അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസർ എന്ന നിലയിൽ എട്ടുവർഷത്തെ അധ്യാപന പരിചയവും എട്ടിൽ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം. 2012 ൽ അസി പ്രൊഫസറായ പ്രിയ മൂന്ന് വർഷം പിഎച്ച്‍ഡി ചെയ്യാൻ അവധിയിൽ പോയി. രണ്ട് കൊല്ലം യൂണിവേഴ്സിറ്റി സ്റ്റുഡനറ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവർഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നുമായിരുന്നു സേവ് യൂണിവേഴ്സിറ്റിയുടെ ആവശ്യം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്