
തിരുവനന്തപുരം: ഐഎന്‍എല്ലിലെ (INL) പിളര്‍പ്പ് ഒഴിവാക്കാന്‍ വീണ്ടും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ (Kanthapuram A P Aboobacker Musliyar) ഇടപെടും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി. അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാന്തപുരം കാണും. ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ഇന്നലെ കോഴിക്കോട് വിളിച്ച യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് (A P Abdul Wahab) വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റായി എ പി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗത്തില്‍ തെരെഞ്ഞെടുത്തു. 2018 മുതല്‍ പാര്‍ട്ടിയില്‍ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ റദ്ദാക്കിയതായും അബ്ദുള്‍ വഹാബ് അറിയിച്ചു.
കോഴിക്കോട് വിളിച്ച യോഗത്തിൽ നിലവിൽ ഉണ്ടായിരുന്ന 120 അംഗ സംസ്ഥാന കൗൺസിലെ എഴുപത്തേഴ് അംഗങ്ങള്‍ പങ്കെടുത്തതായി അബ്ദുള്‍ വഹാബ് വിഭാഗം അവകാശപ്പെട്ടു. ഭൂരിഭാഗം അംഗങ്ങളേയും പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനായെന്ന നിലപാടിലാണ് എ പി അബ്ദുള്‍ വഹാബ് വിഭാഗം. എന്നാല്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് വിളിച്ച് ചേര്‍ത്തത് ഐഎന്‍എല്‍ യോഗമല്ലെന്നായിരുന്നു മറുവിഭാഗത്തിന്‍റെ പ്രതികരണം. വിവിധ കാരണങ്ങളാല്‍ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയവരെ പങ്കെടുപ്പിച്ച് മുന്‍ പ്രസിഡന്‍റ് യോഗം വിളിച്ച് അപഹാസ്യനായെന്നായിരുന്നു ആക്ഷേപം. മുതിര്‍ന്ന നേതാക്കളൊന്നും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി പുറത്താക്കിയവരാണ് അബ്ദുള്‍ വഹാബ് വിളിച്ച യോഗത്തിന് എത്തിയത്. മറിച്ചുള്ള അവകാശവാദം തെറ്റാണെന്നും മറുവിഭാഗം വിശദീകരിച്ചു.
സംസ്ഥാന നേതൃത്ത്വത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ഈയിടെയാണ് എ പി അബ്ദുള്‍ വഹാബ്
പ്രസിഡന്‍റായ കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. പകരം ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ്
ദേവര്‍ കോവില്‍ ചെയര്‍മാനായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എ പി അബ്ദുള്‍ വഹാബ്
ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഐഎന്‍എല്‍ പിളര്‍പ്പിലെത്തിയത്. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബിനെതിരെ നടപടി വേണമെന്ന് കോഴിക്കോട് ചേര്‍ന്ന അഡ്ഹോക് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് എ പി അബ്ദുള്‍ വഹാബിനെ വിളിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
എറണാകുളത്ത് പാര്‍ട്ടി യോഗത്തിനിടെ അക്രമം ഉണ്ടാക്കിയതിന് പിന്നില്‍ അബ്ദുള്‍ വഹാബ് ആണെന്നായിരുന്നു അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളുടെ ആരോപണം. ഇതെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന വിലയിരുത്തലിലാണ് അഡ്ഹോക്ക് കമ്മിറ്റി. അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശ ദേശീയ നേതൃത്വം പരിഗണിക്കുന്നതിനിടെയാണ് ശക്തി തെളിയിക്കാന്‍ എ പി അബ്ദുള്‍ വഹാബ് ഇന്നലെ യോഗം വിളിച്ചത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് ഒന്നിച്ച് നില്‍ക്കണമെന്ന് ഐഎന്‍എല്ലിന് ഇടതുമുന്നണി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam