
കൊൽക്കത്ത: സിപിഎം മുൻ ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളെല്ലാം ബിജെപിക്ക് സഹായകരമാകുന്നതാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ. കൊൽക്കത്തയിൽ ടെലഗ്രാഫ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ കാരാട്ട് പക്ഷത്തെ നിശിതമായി വിമർശിച്ചാണ് സിപി ജോൺ മറുപടി പറഞ്ഞത്. സീതാറാം യെച്ചൂരി ഓഫീസ് സെക്രട്ടറിയെ പോലെ തന്നെ പെരുമാറാനാണ് പോകുന്നതെങ്കിൽ രാജ്യത്ത് സിപിഎം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യ-യുഎസ് ആണവ കരാറിനെ ചൊല്ലിയാണ് അവർ ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. എന്നിട്ടെന്തുണ്ടായി? ഇന്ത്യക്ക് എന്തെങ്കിലും സംഭവിച്ചോ? കാരാട്ട് പക്ഷത്തിന്റെ നിലപാടായിരുന്നു അത്. ബംഗാളിൽ കോൺഗ്രസ്സുമായി സഖ്യം നടക്കാതെ പോയതും കാരാട്ട് പക്ഷത്തിന്റെ പിടിവാശി കൊണ്ടാണ്. കാരണം കോൺഗ്രസുമായി ചേർന്ന് സിപിഎം മത്സരിച്ച് ഇവിടെ അവർക്ക് കുറച്ച് സീറ്റുകൾ ലഭിച്ചാൽ, കേരളത്തിൽ നിന്നുള്ള സീറ്റുകളും അടക്കം 15-16 സീറ്റുകൾ വരെ നേടാനാകും. തൂക്കുസഭ ഉണ്ടാവുകയും യെച്ചൂരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റ് പാർട്ടികൾ നിർദ്ദേശിക്കുകയും ചെയ്താൽ അത് കാരാട്ട് പക്ഷത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ്," അഭിമുഖത്തിൽ സിപി ജോൺ പറഞ്ഞു.
"ഞാനും യെച്ചൂരിയും ഒരേ കാലത്ത് എസ്എഫ്ഐയുടെ ഭാരവാഹിത്വത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ ശരിയാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നയാളാണ് അദ്ദേഹം. പാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കണമെന്നാണ് എനിക്കദ്ദേഹത്തോട് പറയാനുള്ളത്. ഓഫീസ് സെക്രട്ടറിയെ പോലെ അദ്ദേഹം പ്രവർത്തിച്ചിട്ട് കാര്യമില്ല." ജോൺ വ്യക്തമാക്കി.
"കേരളത്തിൽ ശബരിമല നിലപാട് അവർക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്. അതവരുടെ ചരിത്രപരമായ രണ്ടാമത്തെ മണ്ടത്തരമാണ്. സംസ്ഥാനത്ത് ബിജെപിക്ക് ശക്തി വർദ്ധിപ്പിക്കാൻ മാത്രമാണ് ഇത് സഹായകരമായത്. കോൺഗ്രസാണ് ഈ വിഷയത്തിൽ ആത്മാർത്ഥവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ചത്. സിപിഎമ്മിൽ നിന്ന് വലിയ വിഭാഗം ഹിന്ദുക്കളും ഈ നിലപാടിന്റെ പേരിൽ അകന്നു. തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിന് വളരെയേറെ ഗുണം ചെയ്യും," ജോൺ പറഞ്ഞു.
"ബംഗാളിൽ മമതയോട് മാത്രമാണ് സിപിഎമ്മിന്റെ പോരാട്ടം. ബിജെപിയെ സഹായിക്കുകയാണ് അവർ ചെയ്യുന്നത്. ആശയപരമായി വലിയ പ്രതിസന്ധിയാണ് അവർ നേരിടുന്നത്. ഒരു പ്രാദേശിക പാർട്ടി മാത്രമായ തൃണമൂൽ എങ്ങിനെ ഫാസിസ്റ്റാകുമെന്നാണ് പറയുന്നത്?" ജോൺ ചോദിച്ചു. രാജ്യത്ത് കോൺഗ്രസ് പ്രധാനമന്ത്രി തന്നെ അധികാരത്തിൽ വരണമെന്നും മറ്റേത് പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയായാലും അത് ബിജെപിക്കും നരേന്ദ്രമോദിക്കും മാത്രമേ ഉപകാരപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam