കൊവിഡ് ഭീതിയെയും പെരുമഴയെയും അതിജീവിച്ച രക്ഷാപ്രവര്‍ത്തനം; നാട്ടുകാര്‍ക്ക് കൈയടി

By Web TeamFirst Published Aug 8, 2020, 6:20 AM IST
Highlights

അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്.
 

കരിപ്പൂര്‍: കൊവിഡ് ഭീതിയും കോരിച്ചോരിയുന്ന മഴയെയും അതിജീവിച്ച് ലോകത്തിന് മാതൃകയായി കരിപ്പൂരില്‍ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്.

വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും നാട്ടുകാര്‍ തളര്‍ന്നില്ല. എല്ലാവരും ഒരുമിച്ച് നിന്നതോടെ ദുരന്തത്തിന്റെ ആഘാതം കുറക്കാനായി. ഒന്നര മണിക്കൂറിനുള്ളില്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു.

സോഷ്യല്‍ മീഡിയയും രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജമായി. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ നാടാകെ പരന്നു. അര്‍ധരാത്രിയും ബ്ലഡ് ബാങ്കിലേക്ക് രക്തദാനത്തിനായി യുവാക്കള്‍ എത്തി. യാത്രക്കാരായ കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നും ഒറ്റപ്പെട്ട സാഹചര്യവുമുണ്ടായി. ഇവരുടെ രക്ഷിതാക്കളെ കണ്ടെത്താനും സോഷ്യല്‍മീഡിയ സജീവമായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രധാന ആശുപത്രികളിലാണ് പരിക്കേറ്റവരെ എത്തിച്ചത്.
 

click me!