കരിപ്പൂർ വിമാന അപകടത്തിൽ മരണം 19 ആയി; ഗർഭിണിയടക്കം 15 പേർ അത്യാസന്ന നിലയിൽ, എല്ലാവരെയും പുറത്തെത്തിച്ചു

By Web TeamFirst Published Aug 8, 2020, 1:12 AM IST
Highlights

അത്യാസന്ന നിലയിലുള്ളവരെ അടിയന്തിര ശസ്ത്രക്രിയകൾ നടത്താൻ നീക്കം തുടങ്ങി. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ നടപടികൾ ആരംഭിച്ചു. എന്നാൽ വിദേശത്ത് നിന്ന് വരുന്നവരായതിനാൽ ഇവർക്ക് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീർ വാര്യർ (45) ആണ് മരിച്ചത്. ഇവിടെ ഗർഭിണിയടക്കം അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കോഴിക്കോട് ജില്ലയിൽ വിവിധ ആശുപത്രികളിലായി മരിച്ചവരുടെ എണ്ണം 13 ആയി. മലപ്പുറത്തെ ആശുപത്രികളിലാണ് മറ്റ് ആറ് പേരുടെ മൃതദേഹങ്ങൾ ഉള്ളത്. 

അത്യാസന്ന നിലയിലുള്ളവരെ അടിയന്തിര ശസ്ത്രക്രിയകൾ നടത്താൻ നീക്കം തുടങ്ങി. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ നടപടികൾ ആരംഭിച്ചു. എന്നാൽ വിദേശത്ത് നിന്ന് വരുന്നവരായതിനാൽ ഇവർക്ക് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികളും ആരംഭിച്ചു. 14 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരിൽ ഒരാൾ ഗർഭിണിയാണ്. ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നില അതീവ ഗുരുതരമാണ്.

അതേസമയം അപകടം നടന്ന സ്ഥലത്ത് ഒന്നര മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. യാത്രക്കാരുടെ ലഗേജുകൾ വിമാനത്താവള അധികൃതർ ശേഖരിച്ചു. ഇത് സുരക്ഷിതമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലർ അത്യാസന്ന നിലയിലാണെന്നും മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.

മരിച്ചവരിൽ സ്ഥിരീകരിച്ച വിവരങ്ങൾ ഇങ്ങനെ:

പൈലറ്റ് ക്യാപ്റ്റൻ ഡിവി സാഥേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ മരിച്ചു. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് പുരുഷൻമാർ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്. 

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവർ: 
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി 
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. എടപ്പാൾ സ്വദേശി കെ.വി. ലൈലാബി
4. നാദാപുരം സ്വദേശി മനാൽ അഹമ്മദ്
5. അസം മുഹമ്മദ് (ഒന്നര വയസ്) വെളളിമാട്കുന്ന് സ്വദേശി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചവർ:
1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസിൽ മരിച്ചവർ:
1. ദീപക്
2. അഖിലേഷ്
3. അയന രവിശങ്കർ (5) പട്ടാമ്പി

ഫറോക്ക് ക്രസന്‍റ് ആശുപത്രിയിൽ മരിച്ചത്:
1. ബാലുശ്ശേരി സ്വദേശി ജാനകി 

click me!