
മലപ്പുറം: കരിപ്പൂർ വിമാനത്താവളം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നു. രാവിലെ 11.30 വരെയുള്ള വിവരമനുസരിച്ച് മൂന്ന് വിമാനങ്ങൾ കരിപ്പൂരിലിറങ്ങി. ഒരു വിദേശ സർവ്വീസും, ഒരു ആഭ്യന്തര സർവ്വീസും കരിപ്പൂരിൽ നിന്ന് പുറപ്പെട്ടു.
ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ പൈലറ്റിന്‍റേതും കോപൈലറ്റിന്റേതും അടക്കം 18 ജീവനുകളാണ് പൊലിഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പ്രഖ്യാപിച്ച ധനസഹായം അടിയന്തര സഹായമായി കണ്ടാൽ മതിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു.
അപകടകാരണത്തെക്കുറിച്ച് വ്യക്ത വരണമെങ്കിൽ വിദഗ്ധ അന്വേഷണ സമിതി റിപ്പോർട്ട് വരുന്നത് വരെ കാക്കണം. മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി നിലവില്‍ 149 പേരാണ് ചികിത്സയില്‍ ഉള്ളത്. പതിനാല് പേരുടെ പരിക്ക് ഗുരുതരമാണ്. 23 പേര്‍ ആശുപത്രി വിട്ടു. മരിച്ച 18 പേരുടേയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നത്.
ഇന്നു തന്നെ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരിച്ച എട്ടുപേര്‍ കോഴിക്കോട് സ്വദേശികളും ആറ് പേര്‍ മലപ്പുറം ജില്ലക്കാരും, രണ്ട് പേര്‍ പാലക്കാട് സ്വദേശികളും പൈലറ്റും കോ- പൈലറ്റുമാണെന്ന് ഔദ്യോഗിമായി സ്ഥിരീകരിച്ചു.
അപകടത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെടുത്തു. അപകടത്തിലേക്ക് നയിച്ചകാരണങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയതായാണ് വിവരം. തുടര്‍ നടപടികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം കരിപ്പൂരിലത്തിയിട്ടുണ്ട്. അടിയന്തര സഹായ സംഘവും കരിപ്പൂരിലെത്തി തുടര്‍ നടപടികള്‍ തുടങ്ങി.
അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കൾക്കായും മറ്റ് സൗകര്യങ്ങള്‍ ഒരുക്കാനും മുബൈ,ദില്ലി എന്നിവിടങ്ങളില്‍ വിമാനങ്ങളും കരിപ്പൂരിലെത്തി. യാത്രക്കാരുടെ ബാഗുകള്‍ തിരിച്ച് എത്തിക്കാന്‍ സൗകര്യം ഒരുക്കിയതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.നമുഖ്യമന്ത്രിയും ഗവര്‍ണറും ചീഫ് സെക്രട്ടറിയുമുള്‍പ്പെടെയുള്ള സംഘം കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam