സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

By Web TeamFirst Published Aug 8, 2020, 3:24 PM IST
Highlights

 കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഈ സീസണിൽ ഏറ്റവും ഉയർന്ന മഴ ലഭിച്ചത് വടകരയിലാണ് (327 മി.മീ). സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. 

ദില്ലി: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപം കൊണ്ട് ന്യൂനമർദ്ദം ശക്തമാകുന്നതോടെ  ഞാറാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ മധ്യ ഇന്ത്യയിലും  വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഈ സീസണിൽ ഏറ്റവും ഉയർന്ന മഴ ലഭിച്ചത് വടകരയിലാണ് (327 മി.മീ).
 
സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. 

കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുകയാണ്. പമ്പ-മണി മല നദികളിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യതയുണ്ട്.  പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.

മഴ മാറിനിന്നതോടെ പാലാ നഗരത്തിൽ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ വളരെ പെട്ടെന്നായിരുന്നു പാലാ നഗരത്തിൽ വെള്ളം കയറിയത്. നഗരത്തിലെ പകുതിയിലധികം സ്ഥലത്തും വെള്ളം ഇറങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ പൂർണമായും വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് പാലാ. കോട്ടയം നഗരത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരുന്നതാണ് പുതിയ ആശങ്ക.

കനത്ത മഴയെത്തുടർന്ന് മൂഴിയാർ-കക്കി റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഇവിടെ  ഗതാഗതം തടസപ്പെട്ടു.  മൂഴിയാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്.  ജെസിബി ഉപയോഗിച്ച് ഗതാഗത തടസം നീക്കുന്നതിന് പൊതുമരാമത്ത് വിഭാഗം നടപടി തുടങ്ങി. ഇത് ആൾ താമസമുള്ള മേഖല അല്ല. മഴയെത്തുടർന്ന് കുട്ടനാട്ടിലും വെള്ളപ്പൊക്കമാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളം കയറി. ഇതു വഴിയുള്ള
കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിവച്ചു. സർവ്വീസുകൾ മങ്കൊമ്പ് ബ്ളോക്ക് ജം​ഗ്ഷൻ വരെ മാത്രമേ ഉള്ളു. മഴ തുടർന്നാൽ എ.സി.റോഡ്
വഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായേക്കും. 

അതിനിടെ, ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ  മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവന്ന് ഒഴുക്കിവിടണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്  ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖന് കത്തയച്ചു. ഷട്ടറുകൾ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് വിവരം അറിയിക്കണമെന്നാണ് കേരളത്തിന്‍റെ അഭ്യര്‍ത്ഥന.

ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ റിസർവോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തിയതി ഉച്ചക്ക് രണ്ട് മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു. വരുന്ന രണ്ടു ദിവസങ്ങൾ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. 

നിലവിൽ റിസർവോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്‍റെ അളവ് 13,257  ക്യൂസെക്സും, ടണൽ വഴി പുറന്തള്ളുന്ന അളവ് 1,650  ക്യൂസെക്സും ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി മീ-ഉം 157.2 മി മീ-ഉം മഴയാണ്.  ഈ സമയത്തിനുള്ളിൽ ഏഴ് അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാധ്യത. കട്ടപ്പന എം ഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ  നൽകിയ വിവരം പ്രകാരം തമിഴ്നാടിന്‍റെ ഭാഗമായ പെരിയാർ ഡാമിന്‍റെ സർപ്ളസ് ഷട്ടറുകൾ 1,22,000  ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണ്. 

ചാലക്കുടി ബേസിനിൽ വെള്ളത്തിന്‍റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നതായി വിവരമുണ്ട്. അതിനാൽ പിഎ പി സിസ്റ്റത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എഞ്ചിനീയർമാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചർച്ച ചെയ്യുകയും വേണമെന്ന്  ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
 

click me!