കരിപ്പൂർ വിമാനപകടം; ചികിത്സാ സഹായം നിർത്താന്‍ എയർ ഇന്ത്യ, പരിക്കേറ്റവർക്ക് കത്തയച്ചു

By Web TeamFirst Published Aug 24, 2021, 7:15 AM IST
Highlights

പരിക്കേറ്റവരില്‍ 84 പേർക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ ചകിത്സ മുടങ്ങുമോയെന്നാണ് ആശങ്ക.

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്‍റെ ഇരകൾക്ക് ചികിത്സാ സഹായം നല്‍കുന്നത് ഇനിയും തുടരാനാകില്ലെന്ന് എയർ ഇന്ത്യ. പരിക്കേറ്റവരില്‍ 84 പേർക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ ചകിത്സ മുടങ്ങുമോയെന്നാണ് ആശങ്ക. എന്നാല്‍ സ്വാഭാവിക നടപടിയാണിതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവർക്ക് കത്തയച്ചത്. സെപ്റ്റംബർ 17ഓടെ ഇതുവരെ നല്‍കിവന്നിരുന്ന  ചികിത്സാ സഹായം നിർത്തുകയാണെന്ന് കത്തിലുണ്ട്. അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കറ്റ അഷറഫിന്‍റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. നഷ്ടപരിഹാരതുക സംബന്ധിച്ച് വിമാനകമ്പനിയുമായി അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ചികിത്സാ സഹായം നിർത്തുന്നത് തനിക്ക് വലിയ ബാധ്യതയാകുമെന്ന് അഷറഫ് പറയുന്നു.

കരിപ്പൂർ വിമാനാപകടത്തില്‍ പരിക്കേറ്റ 165 പേരില്‍ 81 പേർക്ക് നഷ്ടപരിഹാര തുക കൈമാറുന്ന കാര്യത്തിലാണ് ഇതുവരെ അന്തിമ തീരുമാനമായത്. ബാക്കി 84 പേരുമായും വിമാനകമ്പനി ചർച്ച തുടരുകയാണ്. ഇവരില്‍ പലരടെയും ചികിത്സയ്ക്ക് വലിയ തുകയാണ് മാസംതോറും ചിലവ്. നിലവില്‍ ജോലിപോലുമില്ലാത്ത ഇവരുടെ തുടർ ചികിത്സ മുടങ്ങുമോയെന്നാണ് ആശങ്ക ഉയരുന്നത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരതുക കണക്കാക്കി മാസങ്ങൾക്ക് മുന്പേതന്നെ ഓഫ‌ര്‍ ലെറ്റർ അയച്ചതാണെന്നും, ഓഫർ സ്വീകരിക്കുന്നവർക്കെല്ലാം പൂർണ നഷ്ടപരിഹാര തുക ഉടന്‍ കൈമാറുമെന്നും വിമാനകമ്പനി അറിയിച്ചു, അപകടം നടന്ന് ഇതുവരെ 7 കോടി രൂപ പരിക്കേറ്റവരുടെ ചികിത്സയ്ക്കായിമാത്രം ചിലവിട്ടു, ഈ തുക നഷ്ടപരിഹാരതുകയില്‍ നിന്ന് കുറയ്ക്കില്ല, ഇപ്പോഴത്തേത് സ്വാഭാവിക നടപടിയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!