
കരിപ്പൂര്‍: കരിപ്പൂർ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. എൻഡിആർഎഫ് രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
വന്ദേഭാരത് മിഷൻ വഴി പ്രവാസികളെ കൊണ്ട് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനമാണ് ലാന്‍റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്. വിമാനത്തിൽ 190 പേരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്നവരും പത്ത് കുട്ടികളും ആറ് വിമാന ജീവനക്കാരും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റ് അടക്കം മൂന്ന് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്‍, രാജിവന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
Also Read: അപകടത്തിൽ പെട്ടത് വന്ദേഭാരത് മിഷനിൽ പെട്ട വിമാനം; വിമാനത്തിൽ ഉണ്ടായിരുന്നത് 190 പേര്‍
ദുബൈ കരിപ്പൂര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സാരമായ പരിക്കുണ്ട്. ടേബിൾടോപ്പ് റൺവേയിൽ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വീമാനത്തിന്‍റെ മുൻഭാഗം പിളര്‍ന്ന് മാറി.
ചുറ്റുമുള്ള സ്വകാര്യ ആശുപത്രികളിലേക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്കുമാണ് പരിക്കേറ്റവരെ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെ ആശുപത്രിയിലെത്തിച്ച എല്ലാവര്‍ക്കും അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Also Read: കരിപ്പൂര്‍ വിമാനാപകടം: വിവരങ്ങള്‍ അറിയാന്‍ 0495 2376901 എന്ന നമ്പര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam