ആശ്വാസം, കരിപ്പൂരിൽ രാത്രി മുഴുവൻ തിരഞ്ഞ, കാണാതായ യാത്രക്കാരനെ കണ്ടെത്തി

By Web TeamFirst Published Aug 8, 2020, 10:02 AM IST
Highlights

ഈ വിമാനത്തിൽ പുറപ്പെട്ട യാത്രക്കാരനായിരുന്നു ചോഴിമഠത്ത് ഹംസ എന്നയാൾ. 51 വയസ്സുകാരനായ ഇദ്ദേഹം മെഡിക്കൽ അത്യാവശ്യത്തിന് നാട്ടിലേക്ക് വരികയാണെന്നാണ് പറഞ്ഞിരുന്നത്.
 

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കൾ പറഞ്ഞ യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് കണ്ടെത്തിയത്. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ്. ആശുപത്രി അധികൃതർക്ക് വ്യക്തമായി പേര് ചോദിച്ചറിയാൻ കഴിഞ്ഞിരുന്നില്ലാത്തതിനാൽ ഇദ്ദേഹത്തിന്‍റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നില്ല.

അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ ബോധമുണ്ടായിരുന്നില്ല. ആംബുലൻസിൽ കൊണ്ടുവന്നയാൾ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതർ അദ്ദേഹത്തിന്‍റെ പേര് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംസിലില്ല എന്ന് കരുതി ബന്ധുക്കൾ മറ്റ് ആശുപത്രികളിലേക്ക് പോയി.

രാത്രി മുഴുവൻ ഇദ്ദേഹത്തെ തെരഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളിൽ ബന്ധുക്കൾ കയറിയിറങ്ങുകയായിരുന്നു. "'മെഡിക്കൽ അത്യാവശ്യത്തിനായി നാട്ടിലേക്ക് വരികയായിരുന്നു. കുറ്റിപ്പുറത്താ വീട്. എല്ലാ ആശുപത്രികളിലും കയറിയിറങ്ങി. ഇനി ഒരു ക്ലിനിക്ക് പോലും ബാക്കിയില്ല. അങ്ങനെ എല്ലാ ആശുപത്രിയിലും പോയിട്ടുണ്ട്. എന്നിട്ടും കണ്ടെത്തിയിട്ടില്ല'', എന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഭീതിയോടെ ആശുപത്രികൾക്ക് മുന്നിലും വിമാനത്താവളത്തിലും നിൽക്കുന്ന ഇദ്ദേഹത്തിന്‍റെ ബന്ധുക്കളുടെ മുഖം കാണുന്നവരിലും വേദനയുണ്ടാക്കി.

രാവിലെയായിട്ടും അദ്ദേഹത്തെ കാണാതായപ്പോൾ ജില്ലാ കളക്ടർക്കും മന്ത്രിയോടും ബന്ധുക്കൾ പരാതിയുന്നയിച്ചു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളും പട്ടിക വീണ്ടും പരിശോധിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

click me!