
തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിൻറെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam