ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസാചരണത്തിന് തുടക്കം

By Web TeamFirst Published Jul 17, 2019, 11:32 AM IST
Highlights

പട്ടിണിയുടെയും വറുതിയുടെയും കാലമാണ് കര്‍ക്കിടകമെന്നാണ് പറയപ്പെടുന്നത്.  പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്ന കർക്കടം സമൃദ്ധിയുടെ നല്ല കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ്. 

തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. പട്ടിണിയുടെയും വറുതിയുടെയും കാലമാണ് കര്‍ക്കിടകമെന്നാണ് പറയപ്പെടുന്നത്. ക്ലേശങ്ങൾ നിറഞ്ഞ കർക്കടകത്തിൽ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യമാർ പറയുന്നു. പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്ന കർക്കിടകം സമൃദ്ധിയുടെ നല്ല കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ്.

പഞ്ഞമാസമെന്നായിരുന്നു കർക്കിടകത്തിൻ്റെ വിളിപ്പേര്. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കിടകത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കിടകത്തെ പഞ്ഞമാസം, കള്ളക്ക‍ര്‍ക്കിടകം എന്നിങ്ങനെ വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണത്തിനുള്ള മാസമായി കര്‍ക്കിടകത്തെ മാറ്റിവച്ചത്. കഷ്ടപ്പാടുകളിൽ നിന്ന് കരകയറാൻ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകും. പഴമയുടെ ആ ഓർമയിലാണ് മലയാളികൾ ഇന്നും കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നത്.

ആരോഗ്യപരിപാലനത്തിന് ഏറ്റവും മികച്ച സമയമെന്ന് കരുതപ്പെടുന്ന മാസമാണ് കർക്കിടകം. ആരോ​ഗ്യക്കഞ്ഞിയാണ് കർക്കിടകത്തിലെ ഏറ്റവും മികച്ച ഭക്ഷണം. കർക്കിടകത്തിൽ മനുഷ്യശരീരത്തിൽ ദഹനപ്രക്രിയ കുറവായിരിക്കും. ഇതിനാലാണ് ആളുകൾ കഴിക്കാൻ ആരോ​ഗ്യക്കഞ്ഞി തെരഞ്ഞെടുക്കുന്നത്. ഈ സമയത്ത് മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത മറ്റ് ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. കര്‍ക്കിടക കഞ്ഞി പോലെ തന്നെ പ്രാധാന്യമേറിയവയാണ് കര്‍ക്കിടക കുളിയും കര്‍ക്കിടക സുഖചികിത്സയും.

തോരാ മഴയുടെ കാലം കൂടിയാണ് കർക്കിടകം. കഴിഞ്ഞ വർഷത്തെ കർക്കിടകപ്പെയ്ത്ത് മലയാളിക്ക് നൽകിയത് പ്രളത്തിന്റെ ദുരിതമാണ്. എന്നാൽ ഇത്തവണ കാലവർഷം ഒന്നര മാസം പിന്നിടുമ്പോഴും പ്രതീക്ഷ മഴ ലഭിച്ചിട്ടില്ല. വിളവെടുപ്പിന് കാത്തിരിക്കുന്ന കർഷകരുടെ പ്രതീക്ഷ ഇനിയുള്ള ദിവസങ്ങളിലെ മഴയിലാണ്. വറുതിയുടെ കർക്കിടകം കഴിഞ്ഞാൽ പിന്നെ കാത്തിരിക്കുന്നത് സമൃദ്ധിയുടെ ഓണക്കാലമാണ്. 
 

click me!