
തിരുവനന്തപുരം: പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ ഒരുക്കുന്നത്.
ഐ ടി അധിഷ്ഠിത ജോലികൾക്കും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ പ്രവർത്തന പരിചയം നേടാൻ ഇതിലൂടെ സഹായിക്കും. ഈ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ചെലവിന് ആവശ്യമായ പണം സ്വന്തമായി സമ്പാദിക്കാനും കഴിയും. ആദ്യ ഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾക്കാണ് തൊഴിൽ ലഭിക്കുക. പദ്ധതിയുടെ ഭാഗമായി പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളെ പ്രൊവിഡന്റ് ഫണ്ട് പരിധിയിൽ നിന്നും ഒഴിവാക്കും. ഇ എസ് ഐയും അനുവദിക്കും.
ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി നിയമന ഉത്തരവ് കൈമാറി. കൊച്ചിയില്‍ തുടങ്ങിയ കര്‍മ്മചാരി പദ്ധതി ഭാവിയിൽ സംസ്ഥാനത്തിന്‍റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam