
തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഫാഷിസ്റ്റ് തേര്‍വാഴ്ചക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കേന്ദ്ര ഭരണത്തിന്റെ സര്‍വ സംവിധാനങ്ങളും ദുരുപയോഗം ചെയ്താണ് ബിജെപി കര്‍ണാടകയില്‍ മല്‍സര രംഗത്തിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിഠ് ഷായും നേരിട്ടാണ് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത്.
ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയായിരുന്നു പ്രകടന പത്രിക പോലും തയ്യാറാക്കിയിരുന്നത്. ബിജെപിക്കെതിരേ ജയ സാധ്യതയുള്ള പാർട്ടി എന്ന നിലയിൽ ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടാനായതും കോൺഗ്രസിൻ്റെ വിജയത്തിന് അനുകൂലമായി എന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
Read more: 'ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കർണാടകത്തിലെ ജനങ്ങൾ'; പ്രതികരണവുമായി തോമസ് ഐസക്
അതേസമയം, ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.
വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ കോൺഗ്രസിന് മുന്നിൽ ഇനിയുണ്ടാവുന്ന പ്രധാന തലവേദന മുഖ്യമന്ത്രി സ്ഥാനമാകും. കർണാടകത്തിൽ വലിയ സ്വാധീനമുള്ള ഡികെ ശിവകുമാറും സിദ്ദരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചേക്കും. മുൻ മുഖ്യമന്ത്രിയായ സിദ്ദരാമയ്യയ്ക്കും വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ച ഡി കെ ശിവകുമാറിനും പിന്നിൽ എം എൽ എ മാർ രണ്ടു ചേരി ആകാനാണ് സാധ്യത. ജയിച്ച മുഴുവൻ ആളുകളും ഉടൻ ബംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. തലമുതിർന്ന രണ്ടു നേതാക്കൾ തമ്മിൽ ഏറെക്കാലമായുള്ള തർക്കം ഹൈക്കമാൻഡിനും കീറാമുട്ടി ആയേക്കും.