
തൃശൂർ: കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സിപിഎം കൗൺസിലർ മധു അമ്പലപുരം ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഹജാരായത്. അതേസമയം, കേസിൽ ചോദ്യം ചെയ്യലിന് യെസ്ഡി ജ്വല്ലറി ഉടമ സുനിൽകുമാർ ഹാജരായില്ല. ഇന്നും ഇന്നലെയും ഇഡി നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. സുനിൽകുമാർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.
അതേസമയം, കരുവന്നൂർ ബാങ്കിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ശ്രമം നടക്കുന്നതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിക്ഷേപകർക്ക് ആശ്വാസത്തിനായി സർക്കാർ പലതും ചെയ്യുന്നുണ്ട്. ബാങ്കിനെ കരകയറ്റാനുള്ള ആത്മാർഥമായ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് സിപിഎം നേതൃത്വം.
സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിർദ്ദേശം നൽകിയിരുന്നത്. എം.കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
https://www.youtube.com/watch?v=Ko18SgceYX8