'കരുണ' സംഗീതനിശാ വിവാദം: കണക്കുകൾ പുറത്തുവിട്ട് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ

By Web TeamFirst Published Feb 19, 2020, 7:56 PM IST
Highlights

പരിപാടി സംഘടിപ്പിക്കാനായി ആകെ 23 ലക്ഷം രൂപ ചെലവായി. ഇതിൽ ഇനിയും രണ്ട് ലക്ഷത്തോളം രൂപ തിരിച്ചുകൊടുക്കാനുണ്ട്. പരിപാടിക്ക് സ്പോൺസർമാരുണ്ടായിരുന്നില്ല. എല്ലാ കണക്കുകളും പുറത്തുവിടുന്നു - എന്ന് മ്യൂസിക് ഫൗണ്ടേഷൻ.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 'കരുണ' സംഗീതനിശയിലൂടെയുള്ള ടിക്കറ്റ് വരുമാനം നൽകിയില്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികൾ. ഒഫീഷ്യൽ ഫേസ്‍ബുക്ക് പേജിലൂടെ കെഎംഎഫ് പ്രസിഡന്‍റ് ബിജിബാലും, ജനറൽ സെക്രട്ടറി ഷഹബാദ് അമനും, മറ്റ് ഭാരവാഹികളായ ആഷിഖ് അബു, സിതാര കൃഷ്ണകുമാർ, ശ്യാം പുഷ്കരൻ, റിമ കല്ലിങ്കൽ, കെ എം കമൽ, മധു സി നാരായണൻ എന്നിവരാണ് വിശദീകരണവുമായി രംഗത്തെത്തിയത്. http://karunakochi.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പരിപാടിയുടെ എല്ലാ ചെലവുകളും വരവും സംബന്ധിച്ചുള്ള കണക്കുകളും കെഎംഎഫ് പുറത്തുവിട്ടു.

ടിക്കറ്റ് വരുമാനമടക്കം സ്വന്തം അക്കൗണ്ടിലേക്ക് അല്ല വരുന്നതെന്നും, ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക, ഭാരവാഹികൾ ചേർന്ന് സ്വന്തം കയ്യിൽ നിന്ന് ഇട്ട് കൊടുത്തതാണെന്നും കെഎംഎഫ് പ്രസിഡന്‍റ് ബിജിബാൽ വ്യക്തമാക്കി. 

കലാപരമായി ഈ പരിപാടി വൻ വിജയമായിരുന്നെങ്കിലും സാമ്പത്തികമായി പരിപാടി പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിക്കുന്നതായി പറയുന്ന പ്രസിഡന്‍റ് ബിജിബാൽ, ആകെ പരിപാടിക്കായി 23 ലക്ഷം രൂപ ചെലവായി എന്ന് വ്യക്തമാക്കുന്നു. സൗജന്യമായിട്ടാണ് വേദി ലഭിച്ചത്. ഇതിൽ പങ്കെടുത്ത എല്ലാ പ്രമുഖ കലാകാരൻമാരും കലാകാരികളും സൗജന്യമായിട്ടാണ് പരിപാടി അവതരിപ്പിച്ചത്. പബ്ലിസിറ്റിയും ലൈറ്റ് ആന്‍റ് സൗണ്ടും പ്രിന്‍റ് ആന്‍റ് ചാനൽ പബ്ലിസിറ്റിയും ചെയ്ത ഏജൻസികളെല്ലാം സർവീസ് ചാർജ് ഒഴിവാക്കിയാണ് ഈ പരിപാടി ചെയ്ത് തന്നത്. അതുകൊണ്ടാണ്, ഇംപ്രസാരിയോ, പോപ്പ്കോൺ, മീഡിയാകോൺ, റീജ്യണൽ സ്പോർട്സ് സെന്‍റർ, റെഡ് എഫ്എം എന്നിങ്ങനെ സഹകരിച്ചവരുടെയെല്ലാം ലോഗോ വച്ച് പാർട്‍ണേഴ്സ് എന്ന് കത്തുകളിലും ടിക്കറ്റുകളിലും പാസ്സുകളിലും ഞങ്ങൾ രേഖപ്പെടുത്തിയത്. 

പക്ഷേ, ഇവരെല്ലാം സൗജന്യമായി സഹകരിച്ചാലും ഇത്ര വലിയ ഒരു പരിപാടിക്ക് ചെലവുകളുണ്ട്. അടിസ്ഥാനപരമായി വരുന്ന ആ ചെലവുകൾ വഹിച്ചല്ലേ ഒക്കൂ? ഇതിൽ പെർഫോം ചെയ്ത, ഗിറ്റാറിസ്റ്റുകൾക്കും വയലിനിസ്റ്റുകളും അടക്കമുള്ള വാദ്യകലാകാരൻമാർക്ക് പണം നൽകണം. ഇതിൽ ഭക്ഷണം, ആർട്ടിസ്റ്റുകൾക്ക് വരാനുള്ള ഫ്ലൈറ്റ് തുക, സെറ്റ് മുതൽ കാർപ്പറ്റ് വരെയുള്ള പ്രോപ്പർട്ടികൾ, ഇവർക്കെല്ലാമുള്ള താമസം, സെക്യൂരിറ്റി, പരിപാടി അവതരിപ്പിക്കാനുള്ള ആങ്കേഴ്സ്, ഇത് എച്ച്‍ഡിയിൽ ഷൂട്ട് ചെയ്ത ക്യാമറാടീം എന്നിങ്ങനെയുള്ളതൊക്കെ ഉടനടി കൊടുക്കേണ്ട തുകയാണ്. അതിൽ കടം പറയാൻ കഴിയില്ല. 

അതല്ലാത്ത പലതിലും ഇനിയും പണം കൊടുത്തു തീർക്കാനുണ്ട്. 23 ലക്ഷം രൂപയിൽ ഇനിയും രണ്ട് ലക്ഷം രൂപ കൊടുത്തു തീർക്കാനുണ്ടെന്നും ബിജിബാൽ വ്യക്തമാക്കുന്നു.

എത്ര ടിക്കറ്റ് വിറ്റു? എത്ര പണം കിട്ടി?

ടിക്കറ്റ് കളക്ടർ, ബുക്ക് മൈ ഷോ എന്നീ ആപ്ലിക്കേഷൻസ് വഴി, ഓൺലൈനായി മാത്രമായിരുന്നു ടിക്കറ്റുകളുടെ വിൽപന നടന്നത്. 500, 1500, 2500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. ആകെ ഇതിൽ രണ്ടിലുമായി വിറ്റ് പോയത് 908 ടിക്കറ്റുകൾ മാത്രമാണ്. ഈ വകയിൽ കിട്ടിയത് 7,35,500 രൂപ മാത്രമാണ്. ടിക്കറ്റ് കൗണ്ടറിൽ ക്യാഷ് സെയിൽ വഴി കിട്ടിയത് 39,000 രൂപയാണ്. അങ്ങനെ ആകെ 7,74,500 രൂപ ടിക്കറ്റ് വരുമാന ഇനത്തിൽ കിട്ടിയതിൽ നികുതി കിഴിച്ച് 6,021,93 രൂപയാണ് ബാക്കിയുണ്ടായിരുന്നത്. 

ഏകദേശം പരിപാടി കണ്ടത് 4000 പേർ. ഇതിൽ 3000 പേരും സൗജന്യ പാസിലാണ് കണ്ടത്. ഇത് സംഘടിപ്പിക്കാൻ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയൊന്നും ഉണ്ടായിരുന്നില്ല. കെഎംഎഫ് നേരിട്ടാണ് നടത്തിയത്. പരിപാടി തുടങ്ങി അൽപസമയം കഴിഞ്ഞപ്പോൾ പുറത്തുനിന്നവരെക്കൂടി അകത്തേക്ക് കയറ്റിവിട്ടിട്ടുണ്ടെന്നും ചുറ്റുമുള്ള ഗ്യാലറിയിലേക്കും കാണുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ലെന്നും ഭാരവാഹികളിലൊരാളായ സിതാര കൃഷ്ണകുമാർ വ്യക്തമാക്കി. 

ടിക്കറ്റ് വരുമാനത്തിൽ ഈ തുക ഞങ്ങളുടെ കയ്യിൽ നേരിട്ട് വരികയല്ല ചെയ്യുക എന്നത് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്ന് ബിജിബാൽ പറയുന്നു. ഇംപ്രസാരിയോ എന്ന കമ്പനിയാണ് ഹോസ്പിറ്റാലിറ്റി ഉൾപ്പടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത്. അവർ സർവീസ് ചാർജ് ഒഴിവാക്കിയാണ് ബില്ല് തന്നത്. അവർ 19 ലക്ഷം രൂപയുടെ ബില്ലാണ് തന്നത്. ഇത് ടിക്കറ്റ് ഇനത്തിൽ കിട്ടിയ ആറര ലക്ഷം ഒഴിവാക്കിയിട്ടുള്ള ബില്ലായിരുന്നു. ലൈറ്റ് ആന്‍റ് സൗണ്ട്, മറ്റ് ക്യാമറാ ചെലവുകൾ, നേരിട്ട് കൊടുക്കേണ്ട തുക അടക്കമെല്ലാം കൂട്ടിയാണ് ആകെ ചെലവ് 23 ലക്ഷം എന്ന് കണക്ക് കൂട്ടിയത് - ബിജിബാൽ വ്യക്തമാക്കുന്നു.

എന്നാൽ കളക്ടർ കെഎംഎഫിന്‍റെ രക്ഷാധികാരിയാണ് എന്ന് പറഞ്ഞത് ഒരു തെറ്റായിരുന്നു. പിഴവാണ്. നേരിട്ട് അദ്ദേഹത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും ബിജിബാൽ വ്യക്തമാക്കുന്നു. 

 

click me!