കൊച്ചി: കരുണ സംഗീത നിശയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് നടപടികൾ ആരംഭിച്ചു. സംഗീത നിശയുമായി ബന്ധപ്പെട്ട വിവിധ കമ്പനി പ്രതിനിധികളുടെ മൊഴികൾ രേഖപ്പെടുത്തുകയാണ് പൊലീസ്.ഇവന്‍റ് മാനേജ്മെന്‍റ് കന്പനിയായ ഇംപ്രസാരിയോ സിഇഓ ഹരീഷ് ബാബുവിന്‍റെ മൊഴിയാണ് ഇന്ന് ശേഖരിച്ചത്. ഇംപ്രസാരിയോ , സംഗീത മേള സ്പോണ്‍സര്‍ ചെയ്തിട്ടില്ലെന്നാണ് ഹരീഷ് ബാബു പൊലീസിന് മൊഴി നല്കിയിരിക്കുന്നത്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത മേളയ്ക്ക് സ്പോണ്‍സര്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ മേളയുടെ ടിക്കറ്റിലും നോട്ടീസിലുമെല്ലാം നിരവധി കമ്പനികളുടെ ലോഗോയും വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. സ്പോണ്‍സര്‍മാര്‍ അല്ലെങ്കില്‍ എന്തിന് കമ്പനികളുടെ പേരും ലോഗോയും നോട്ടീസിൽ ഉപയോഗിച്ചു എന്നാണ് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പരാതിയില്‍ ഉന്നയിച്ചിരുന്നത് . ഈ സാഹചര്യത്തിലാണ് സംഗീതമേളയുമായി സഹകരിച്ച വിവിധ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് മൊഴിയെുടക്കുന്നത്.
പബ്ലിസിറ്റിയും ലൈറ്റ് ആന്‍റ് സൗണ്ടും പ്രിന്‍റ് ആന്‍റ് ചാനൽ പബ്ലിസിറ്റിയും ചെയ്ത ഏജൻസികളെല്ലാം സർവീസ് ചാർജ് ഒഴിവാക്കിയിരുന്നു. അതുകൊണ്ടാണ്, ഇംപ്രസാരിയോ, പോപ്പ്കോൺ, മീഡിയാകോൺ, റീജ്യണൽ സ്പോർട്സ് സെന്‍റർ, റെഡ് എഫ്എം എന്നിങ്ങനെ സഹകരിച്ചവരുടെയെല്ലാം ലോഗോ വച്ച് പാർട്‍ണേഴ്സ് എന്ന് കത്തുകളിലും ടിക്കറ്റുകളിലും പാസ്സുകളിലും രേഖപ്പെടുത്തിയതെന്നാണ് സംഘാടകരും പറയുന്നത്.
തുടര്‍ന്ന് വായിക്കാം: 'കരുണ' സംഗീതനിശാ വിവാദം: കണക്കുകൾ പുറത്തുവിട്ട് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ...
രാവിലെ പതിനൊന്ന് മണിയോടെയാണ് മേളയുടെ ഇവന്‍റ് മാനേജ്മെന്‍റ് നിര്‍വഹിച്ച ഇംപ്രസാരിയോയുടെ സിഇഒ ഹരീഷ് ബാബുവിനെ കമീഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തിയത്. മേളയ്ക്ക് ഒരു വിധത്തിലുമുള്ള സ്പോണ്‍സര്‍ഷിപ്പും നല്‍കിയിട്ടില്ലെന്ന് ഹരീഷ് ബാബു മൊഴി നല്‍കി. നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പണം ഈടാക്കിയിട്ടുണ്ടെന്നും പൊലീസിന് മൊഴി നൽകിയതായാണ് വിവരം.
വരും ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ സഹകരിച്ചവരുടെ മൊഴി ശേഖരിക്കും. വിവാദങ്ങൾക്ക് മറുപടിയെന്ന വിധത്തിൽ സംഘാടകര്‍ കഴിഞ്ഞ ദിവസം വിശദമായ ഫേസ് ബുക്ക് വീഡിയോ ഇട്ടിരുന്നു. 908 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയതെന്നും മേള സാമ്പത്തികമായി പരാജയമായിരുന്നുവെന്നും സംഘടകര്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam