തിരുവനന്തപുരം/ കൊച്ചി: പ്രളയദുരിതാശ്വാസത്തിന് പണം നൽകാനെന്ന് പറഞ്ഞ് 'കരുണ' എന്ന സംഗീത പരിപാടി നടത്തിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വാക്ക് പാലിച്ചില്ലെന്ന് കൊച്ചിയിലെ റീജ്യണൽ സ്പോർട്സ് സെന്‍റർ. പരിപാടിക്ക് ഫൗണ്ടേഷന് സ്റ്റേഡിയം സൗജന്യമായി നൽകിയത് റീജ്യണൽ സ്പോർട്സ് സെന്‍ററാണ്. പണം കൈമാറിയോ എന്നറിയാൻ കത്ത് അയച്ചിട്ടും മറുപടി തന്നില്ലെന്നും സ്പോർട്സ് സെന്‍റർ സെക്രട്ടറി എസ്എഎസ് നവാസ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു.
പരിപാടിക്ക് ഒന്നരലക്ഷം രൂപ വാടക ഈടാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനാണ് പരിപാടി നടത്തുന്നത് എന്നാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അറിയിച്ചത്. റീജ്യണൽ സ്പോർട്സ് സെന്‍ററിനെ പരിപാടിയിൽ സംയുക്ത പങ്കാളികളാക്കുകയാണ് എന്നറിയിക്കുകയും ചെയ്തു. നല്ല ഉദ്ദേശത്തിനാണല്ലോ പരിപാടി നടത്തുന്നത് എന്ന് കരുതിയാണ് സ്റ്റേഡിയം സംഗീത പരിപാടിക്കായി സൗജന്യമായി നൽകിയതെന്നും എസ്എഎസ് നവാസ് വ്യക്തമാക്കി.
അതേസമയം, സ്റ്റേഡിയം സൗജന്യമായി നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എഎസ് നവാസ് വിശദീകരിക്കുന്നു. ഇങ്ങനെ ഒരു പരിപാടിക്ക് വേദി നൽകാനാകുമോ എന്ന് പരിശോധിക്കാനും നിയമപ്രകാരം വേണ്ടത് ചെയ്യാനുമാണ് കളക്ടർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആകെ നാല് കത്തുകളാണ് റീജ്യണൽ സ്പോർട്സ് സെന്‍ററിന്‍റെ മാനേജിംഗ് കമ്മിറ്റിക്ക് കിട്ടിയത്. പിന്നീട് ഇത് പരിശോധിച്ച കമ്മിറ്റിയാണ് സ്റ്റേഡിയം സൗജന്യമായി നൽകാൻ തീരുമാനിച്ചത് - എസ്എഎസ് നവാസ് അറിയിച്ചു.
എന്നാൽ പിന്നീട് പല തവണ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ എന്ന് റീജ്യണൽ സ്പോർട്സ് സെന്‍റർ അന്വേഷിച്ചുവെന്ന് നവാസ് പറയുന്നു. പണം കൈമാറിയോ എന്നറിയാൻ കത്തയച്ചു. എന്നിട്ടും മറുപടി നൽകിയില്ല. പിന്നീട് സംഘാടകർ സാമൂഹ്യമാധ്യമങ്ങളിൽ പുറത്തുവിട്ട ഡിമാന്‍റ് ഡ്രാഫ്റ്റ് കണ്ട ശേഷമാണ് പണം കൈമാറിയ കാര്യം അറിഞ്ഞതെന്നും നവാസ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറയുന്നു.
അതേസമയം, യുവമോർച്ച നൽകിയ പരാതിയിൽ കരുണ സംഗീത പരിപാടിയുടെ പേരിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ തട്ടിപ്പ് നടത്തിയെന്ന പരാതി കൊച്ചി പൊലീസ് അന്വേഷിക്കും. നിയമപരമായി ആവശ്യപ്പെട്ടാലേ മേളയുടെ കണക്കുകള്‍ കാണിക്കൂ എന്ന നിലപാടിലാണ് സംഘാടകർ.
എസ്എഎസ് നവാസിന്‍റെ വാക്കുകൾ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam