
കൊല്ലം: കരുനാഗപ്പളളിയില്‍ സ്വകാര്യ ലാബില്‍ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത് കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജെന്ന് പൊലീസ് കണ്ടെത്തല്‍. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നൂറോളം കേസുകളില്‍ പ്രതിയായ രാജേഷ് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.
ഈ മാസം പതിനേഴിനാണ് കരുനാഗപ്പളളിയിലെ സ്വകാര്യ ലാബില്‍ മാനേജരുടെ പരിചയക്കാരനെന്ന് നടിച്ചെത്തിയ ആള്‍ ജീവനക്കാരിയെ കബളിപ്പിച്ച് 8500 രൂപ തട്ടിയെടുത്ത് മുങ്ങിയത്. തൊട്ടടുത്ത ദിവസം കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും തട്ടിപ്പ് നടന്നു. ക്ലിനിക്കിന്‍റെ ഉടമയായ ഡോക്ടറുടെ പരിചയക്കാരനെന്ന വ്യാജേനയായിരുന്നു പെരുമാറ്റം. ക്ലിനിക്കിലുണ്ടായിരുന്ന ജീവനക്കാരിയില്‍ നിന്ന് തന്ത്രപൂര്‍വം 15000 രൂപയാണ് തട്ടിയെടുത്തത്. പണം എണ്ണി തിട്ടപ്പെടുത്തി സംശയത്തിനൊന്നും ഇടനല്‍കാതെയാണ് കൊട്ടാരക്കരയില്‍ നിന്നും ഇയാൾ മുങ്ങിയത്. രണ്ടിലേയും ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
തിരുവല്ലയ്ക്കടുത്ത് മല്ലപ്പളളി സ്വദേശിയാണ് തട്ടിപ്പ് നടത്തിയ രാജേഷ് ജോര്‍ജ്. വ്യാപാര സ്ഥാപനങ്ങളില്‍ കയറി ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടുന്നതാണ് രാജേഷിന്‍റെ രീതിയെന്ന് പൊലീസ് പറയുന്നു. പാലാ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസും രാജേഷിനെതിരെയുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രാജേഷ് വീണ്ടും തട്ടിപ്പ് തുടങ്ങിയതെന്നും പൊലീസ് കണ്ടെത്തി. കൊല്ലത്തെ രണ്ട് മോഷണങ്ങള്‍ക്ക് ശേഷം മുങ്ങിയ രാജേഷിനെ കണ്ടെത്താനുളള ഓട്ടത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam