സുഹൃത്തിന് വാക്കുനൽകിയതിന് പിന്നാലെ ലോട്ടറി എടുത്തു; ഒടുവിൽ കോടീശ്വരനായി ടാക്സി ഡ്രൈവർ

By Nithya RobinsonFirst Published Dec 15, 2019, 5:45 PM IST
Highlights

കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഷാജി ലോട്ടറി എടുക്കാറുണ്ട്. പൊതുവേ രണ്ടും മൂന്നും ടിക്കറ്റുകൾ എടുക്കാറുള്ള ഷാജി ഇന്നലെ എടുത്തത് ഒരേ ഒരു ടിക്കറ്റ് മാത്രമാണ്. അതിലൂടെ തന്നെ ഭാ​ഗ്യം അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു.

റുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ലോട്ടറി എടുത്ത് കോടീശ്വരനായ അമ്പരപ്പിലാണ് ഷാജി. ലോട്ടറി എടുത്തപ്പോൾ വിഴിഞ്ഞം ചൊവ്വര സ്വദേശിയായ ഷാജി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ‌ഭാ​ഗ്യം തുണക്കുമെന്ന്. ലോട്ടറി അടിച്ച കാര്യം ഇപ്പോഴും തനിക്ക് വിശ്വസിക്കാനായിട്ടില്ലെന്ന് ഷാജി പറയുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഷാജി കാരുണ്യയുടെ ലോട്ടറി എടുത്തത്. കെ ഡി 841039 എന്ന നമ്പറാണ് ഒരു കോടി എന്ന ഭാ​ഗ്യം ഷാജിക്ക് സമ്മാനിച്ചത്. 

പത്ത് വർഷമായി ടാക്സി ഡ്രൈവറായി ജോലി നോക്കുന്ന ഷാജി, നെല്ലിമൂട് ശ്രീധരന്റെ പക്കല്‍ നിന്നാണ് ലോട്ടറി എടുത്തത്. അനുജൻ മനുവായിരുന്നു ലോട്ടറി അടിച്ച വിവരം ഷാജിയെ വിളിച്ചറിയിക്കുന്നത്. 

"തിരുവനന്തപുരത്തു നിന്ന് ​ഗസ്റ്റിനെയും കൊണ്ട് കോവളത്ത് എത്തിയപ്പോഴായിരുന്നു അവന്റെ വിളി. ശ്രീധരന്റെ പക്കൽ നിന്നെടുത്ത ടിക്കറ്റിനാണ് നറുക്ക് വീണതെന്ന് അവൻ പറഞ്ഞു. പിന്നീട് നമ്പറുകൾ ഒത്ത് നോക്കി, നറുക്ക് വീണെന്ന് അവൻ പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. തമാശക്കാകും മനു അങ്ങനെ പറഞ്ഞതെന്ന് കരുതി. ഒടുവിൽ ഞാൻ ​ഗൂ​ഗിളിൽ നോക്കിയപ്പോൾ സംഭവം ഉള്ളതാണെന്ന് മനസിലായി"-ഷാജി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഷാജി ലോട്ടറി എടുക്കാറുണ്ട്. പൊതുവേ രണ്ടും മൂന്നും ടിക്കറ്റുകൾ എടുക്കാറുള്ള ഷാജി, ഇന്നലെ എടുത്തത് ഒരേ ഒരു ടിക്കറ്റ് മാത്രമാണ്. അതിലൂടെ തന്നെ ഭാ​ഗ്യം അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു. ഷാജി ഭാ​ഗ്യക്കുറികൾ തെരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്, ലോട്ടറി നമ്പറിന്റെ അവസാനം 00,9,12,22 എന്നീ സഖ്യകൾ വരുന്നതാകും എല്ലാ ടിക്കറ്റുകളും. 

ചെറുതാണെങ്കിലും മുമ്പും ഷാജിക്ക് ലോട്ടറി അടിച്ചിട്ടുണ്ട്. ഒരിക്കൽ സുഹൃത്തുക്കളായ ടാക്സി ഡ്രൈവർമാർ ചേർന്ന്  മുപ്പതിനായിരം രൂപ സ്വരൂപിച്ച്  ലോട്ടറി എടുത്തു. അതിലൂടെ വെറും 600 രൂപയാണ് അവർക്ക് ലഭിച്ചത്. അതൊരു ബമ്പർ ഭാ​ഗ്യക്കുറി ആയിരുന്നുവെന്ന് ഷാജി പറയുന്നു. എന്നാൽ, നിരാശനാകാതെ  ഷാജി വീണ്ടും  ലോട്ടറി എടുത്തുകൊണ്ടിരിക്കവെയാണ് ഭാ​ഗ്യം കടാക്ഷിച്ചത്.

സ്ഥിരമായി ലോട്ടറി എടുക്കുന്നത് ഭാര്യക്കും അമ്മയ്ക്കും താല്പര്യമില്ലായിരുന്നുവെന്ന് ഷാജി പറയുന്നു. കഴിഞ്ഞ നാല് വർഷമായി ചെറുവെട്ടുകാട് സെന്റ് സെബസ്ത്യാനോസ് പള്ളിയിലെ ​ഗായക സംഘത്തിലെ പാട്ടുകാരൻ കൂടിയാണ് ഷാജി. എല്ലാ ആഴ്ചയും മുടങ്ങാതെ പള്ളിയിൽ പോകുമെന്നും ഷാജി പറയുന്നു.

ഷാജിയുടെ വക സുഹൃത്തിനൊരു ഓട്ടോ

സമ്മാനത്തുകയിൽ നിന്ന് കുറച്ചെടുത്ത് സുഹൃത്തായ സന്തോഷിന് ഓട്ടോ വാങ്ങി നൽകണമെന്നാണ് ഷാജിയുടെ ഒരു ആ​ഗ്രഹം. 

"ടിക്കറ്റ് എടുക്കുന്നതിന് തലേദിവസം രാത്രി ഞാൻ കരോളിന് പോയി. സന്തോഷും ഒപ്പമുണ്ടായിരുന്നു. സന്തോഷ് താമസിക്കുന്നത് വാടക വീട്ടിലാണ്.  മാസം ഏഴായിരം രൂപയാണ് വാടകയായി അവൻ നൽകുന്നത്. ഞാൻ എടുക്കുന്ന ലോട്ടറി അടിക്കുകയാണെങ്കിൽ അവനെ സഹായിക്കാമെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് പിറ്റേദിവസം രാവിലെ ലോട്ടറി എടുക്കുന്നത്"- ഷാജി പറയുന്നു.

കഴിഞ്ഞ ഏഴ് വർഷത്തോളമായി സന്തോഷും ഷാജിയും സുഹൃത്തുക്കളാണ്. ഇപ്പോൾ മറ്റൊരാളുടെ ഓട്ടോയാണ് സന്തോഷ് ഓട്ടിക്കുന്നത്.  സെന്റ് സെബസ്ത്യാനോസ് പള്ളിയിലെ കപ്യാരും കൂടിയാണ് സന്തോഷ്. 

സെന്റ് സെബസ്ത്യാനോസ് പള്ളിയിൽ പുതിയ മ്യൂസിക് സിസ്റ്റം വാങ്ങി നൽകണമെന്നും, സ്വന്തമായിട്ട് സ്ഥലവും വീടും വാങ്ങണമെന്നുമാണ് ഷാജിയുടെ മറ്റ് ആ​ഗ്രഹങ്ങൾ. അമ്മ ഉഷ, ഭാര്യ അഞ്ചു, മൂന്ന് വയസായ മകൻ ഡാനി എന്നിവരടങ്ങുന്ന കൊച്ചുകുടുംബമാണ് ഷാജിയുടേത്. സമ്മനാർഹമായ ഭാ​ഗ്യക്കുറി ചൊവ്വര എസ്ബിഐ ശാഖയിലേക്ക് മാറ്റി.

click me!