കാരുണ്യ പദ്ധതി കാലാവധി നീട്ടിയിട്ടും രോഗികൾക്ക് ഗുണം ലഭിക്കുന്നില്ല

By Web TeamFirst Published Jul 23, 2019, 7:17 AM IST
Highlights

പുതിയ ഇൻഷുറൻസ് പദ്ധതിയിലെ ചികില്‍സക്കുള്ള മാനദണ്ഡങ്ങള്‍ കാരുണ്യ ബെനവലന്‍റ് ഫണ്ടിനും ബാധകമാക്കി

കൊല്ലം: കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയുള്ള ചികില്‍സ സഹായത്തിന്‍റെ കാലാവധി നീട്ടിയെങ്കിലും രോഗികള്‍ക്ക് ഗുണം ലഭിക്കുന്നില്ല. പുതിയ അപേക്ഷകള്‍ ആശുപത്രികള്‍ സ്വീകരിക്കുന്നില്ല. നേരത്തെ അനുവദിച്ച തുക പോലും രോഗികള്‍ക്ക് കിട്ടുന്നുമില്ല. 

പുതിയ ഇൻഷുറൻസ് പദ്ധതിയിലെ ചികില്‍സക്കുള്ള മാനദണ്ഡങ്ങള്‍ കാരുണ്യ ബെനവലന്‍റ് ഫണ്ടിനും ബാധകമാക്കിയതാണ് കാരണം.

കൊല്ലം ജില്ലയിലെ ശോശാമ്മ തോമസിന് അര്‍ബുദം ബാധിച്ചതോടെ ഒരു സ്തനം നീക്കി. ചികില്‍സ സഹായത്തിനായി ഏപ്രില്‍ മാസത്തില്‍ കാരുണ്യ ബനവലന്‍റ് ഫണ്ടിലേക്ക് അപേക്ഷിച്ചു. രണ്ട് ലക്ഷം രൂപ അനുവദിച്ചു. 24000 രൂപ വിലവരുന്ന കുത്തിവയ്പ് തുടങ്ങി. എന്നാല്‍ ഈ മാസം കുത്തിവയ്പ്പടുക്കാനെത്തിയപ്പോൾ സൗജന്യം കിട്ടില്ലെന്ന് ആശുപത്രി അറിയിച്ചു.

മാര്‍ച്ച് 31 വരെയാണ് കാരുണ്യ ബെനവലന്‍റ് ഫണ്ടിന്‍റെ കാലാവധി നീട്ടിയത്.എന്നാൽ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ മാനദണ്ഡങ്ങള്‍ എല്ലാം കാരുണ്യക്കും ബാധകമാണ്. ഇതനുസരിച്ച് കിടത്തി ചികില്‍സയിലല്ലാത്തവര്‍ക്ക് ഒരു സൗജന്യവും ഇല്ല. അതുകൊണ്ടുതന്നെ കിടത്തി ചികില്‍സയിലല്ലാതെ കീമോ റേഡിയേഷൻ ഡയാലിസിസ് എന്നി ചികില്‍സകള്‍ തേടുന്നവർക്കും വില കൂടിയ മരുന്നുകൾ വേണ്ടവര്‍ക്കും ഇനി സൗജന്യം കിട്ടില്ല. 

പുതിയ ഉത്തരവ് അനുസരിച്ച് ചികില്‍സ തേടുന്ന ആശുപത്രികള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ നേരത്തെയുള്ള കുടിശിക കിട്ടാനുള്ള ആശുപത്രികള്‍ അപേക്ഷ സ്വീകരിക്കുന്നില്ല. പദ്ധതി നിര്‍ത്തിയെന്ന അറിയിപ്പാണ് സര്‍ക്കാര്‍ ആശുപത്രികളടക്കം നല്‍കുന്നത്.അതേസമയം ആശുപത്രി സൂപ്രണ്ടുമാരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതികരണം .

click me!