'കാരുണ്യ' നിലച്ചു; ഇനി ഫണ്ട് നല്‍കില്ലെന്ന് നികുതി വകുപ്പ്, ചികിത്സ മുടങ്ങി ആയിരങ്ങള്‍

By Web TeamFirst Published Jun 4, 2020, 7:29 AM IST
Highlights

അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ വാഗ്ദാനമെങ്കിലും സൗജന്യ ചികിത്സ തിങ്കളാഴ്ച മുതല്‍ നിലച്ചു. 

കൊല്ലം: കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സയ്ക്ക് നികുതി വകുപ്പ് ഇനി പണം നല്‍കില്ല. ഇത് വ്യക്തമാക്കി നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സ തുടരണമെങ്കില്‍ ഇനി ആരോഗ്യവകുപ്പ് സ്വയം ഫണ്ട് കണ്ടെത്തണം. ഇതോടെ കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നുള്ള സൗജന്യ ചികിത്സ പൂർണമായും നിലച്ചെന്ന് ഉറപ്പായി. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ വാഗ്ദാനമെങ്കിലും സൗജന്യ ചികിത്സ തിങ്കളാഴ്ച മുതല്‍ നിലച്ചു. നികുതി വകുപ്പ് ഉത്തരവ് അനുസരിച്ച് തുക നല്‍കാനാകാത്ത അവസ്ഥ വന്നതോടെയാണ് സൗജന്യ ചികിത്സ നിലച്ചത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി അറിയിക്കാൻ ആരോഗ്യ സെക്രട്ടറി ആരോഗ്യ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനിടയിലാണ് നികുതി വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് അനുസരിച്ച് ഇനി മുതൽ പദ്ധതിക്കായി നികുതി വകുപ്പ് ഒരു രൂപ പോലും നല്‍കില്ല. 

പദ്ധതി തുടരണമെങ്കില്‍ ആരോഗ്യവകുപ്പ് തന്നെ ഫണ്ട് കണ്ടെത്തണമെന്നാണ് ഉത്തരവിന്‍റെ ഉള്ളടക്കം. ഇത് പക്ഷേ എങ്ങനെയെന്ന് വ്യക്തമല്ല. കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴി സഹായം തേടുന്ന എല്ലാവരേയും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും ഉള്‍പ്പെടുത്താനാകില്ല. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പാക്കേജ് രീതിയിലായതിനാല്‍ പല ചികിത്സകള്‍ക്കും ആവശ്യമായ തുക കിട്ടില്ല. ഹീമോഫീലിയ രോഗികൾക്ക് ഉള്‍പ്പെടെ മരുന്നും ലഭിക്കില്ല. ഇതോടെ മരുന്നുകളും ചികില്‍സയും പൂര്‍ണമായും മുടങ്ങുന്ന അവസ്ഥയായി. അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സൗജന്യം നിലച്ചതിനൊപ്പം ആയിരകണക്കിന് രോഗികളുടെ ചികില്‍സയും മരുന്നും നിലച്ച് ദുരിതത്തിലാകും.

click me!