
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നൽകാൻ വിജയ് ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു. രാവിലെ 11 മണിക്കാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ലഎന്നാണ് വിജയുടെ നിലപാട്. കൂടുതൽ കാര്യങ്ങൾ വിജയിയിൽ നിന്ന് ശേഖരിക്കാനാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ നൽകിയ ഹർജി വ്യാഴാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും
കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്. പാർട്ടിയുടെ ആദ്യ വൻകിട സമ്മേളനത്തിൽ ഉണ്ടായ ഈ ആൾക്കൂട്ട ദുരന്തം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു. സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐ വൃത്തങ്ങൾ കരുതുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam