കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ നല്‍കിത്തുടങ്ങി, കടമ്പകൾ ഏറെയെന്ന് പരാതി

Published : Oct 18, 2022, 06:38 PM IST
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ നല്‍കിത്തുടങ്ങി, കടമ്പകൾ ഏറെയെന്ന് പരാതി

Synopsis

നിക്ഷേപത്തിന്‍റെ പത്ത് ശതമാനവും പലിശയുടെ അമ്പത് ശതമാനവുമാണ് നിക്ഷേപകര്‍ക്ക് മടക്കി നല്‍കുക. പണം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കെവൈസി ഫോം എന്നിവയും പൂരിപ്പിച്ച് നല്‍കണം.

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിത്തുടങ്ങി. കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപത്തിന്‍റെ പത്ത് ശതമാനമാണ് തിരികെ നല്‍കുന്നത്. എന്നാൽ പണം കിട്ടാന്‍ കടമ്പകളേറെയുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു.

നിക്ഷേപത്തിന്‍റെ പത്ത് ശതമാനവും പലിശയുടെ അമ്പത് ശതമാനവുമാണ് നിക്ഷേപകര്‍ക്ക് മടക്കി നല്‍കുക. പണം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കെവൈസി ഫോം എന്നിവയും പൂരിപ്പിച്ച് നല്‍കണം. മെയിന്‍ ബ്രാ‍ഞ്ചില്‍ നിന്ന് പണം നല്‍കുന്ന തീയതി പിന്നീടറിയിക്കും. നല്‍കുന്ന നാമമാത്ര തുകകൊണ്ട് എങ്ങനെ കാര്യങ്ങള്‍ നടത്തുമെന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്.

നിക്ഷേപകരെ സഹായിക്കാനല്ല, ഇഡി ഉള്‍പ്പടെയുള്ള അന്വേഷണ സംഘങ്ങളുടെ കണ്ണുകെട്ടാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്. ബാങ്കിന്‍റെ പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണപ്പണയ വായ്പ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ബാങ്ക് ജിവനക്കാരും ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് മുന്നൂറ് കോടിയിലേറെയാണ് കരുവന്നൂരില്‍ തട്ടിപ്പ് നടത്തിയത്.

2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.  

PREV
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി