
തൊടുപുഴ: നഗരസഭാ കെട്ടിടത്തിലെ കടമുറിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിക്ഷേധിച്ച് തൊടുപുഴയില്‍ വ്യാപാരിയുടെ ആത്മഹത്യാ ഭീഷണി. കടമുറിയില്‍ കയറു കൊണ്ട് കുരുക്കുണ്ടാക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യാപാരി, സെബാസ്റ്റ്യനെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. കടമുറി വീണ്ടും നല്‍കണോയെന്ന കാര്യത്തില്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുക്കും.
ഫോട്ടോസ്റ്റാറ്റ് കോപ്പി ഒന്നിന് 10 മുതല്‍ 20 രൂപ വരെ. സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ നല്‍കുന്നതിനും പകര്‍പ്പിനും അന്യായ നിരക്ക്. ഇത്തരത്തില്‍ 30ൽ അധികം പരാതി ലഭിച്ചതോടെയാണ് മുനിസിപ്പാലിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.ജെ.സെബാസ്റ്റ്യന്റെ കട നഗരസഭ തന്നെ ശനിയാഴ്ച പൂട്ടി സീല്‍ വച്ചത്. ഈ പൂട്ട് പൊളിച്ച് ഉള്ളില്‍ കടന്നായിരുന്നു സെബാസ്റ്റ്യന്‍റെ ആത്മഹത്യാ ഭീഷണി. കട തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
വിവരമറിഞ്ഞ് പൊലീസും നഗരസഭാ ചെയര്‍മാനും അടക്കമുള്ളവർ സ്ഥലത്തെത്തി. പൊലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും കട പൂട്ടിച്ച തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലായിരുന്നു നഗരസഭ. ഒടുവില്‍ വ്യാപാരികളുടെ വിവിധ സംഘടനാ പ്രതിനിധികൾ നഗരസഭാ ചെയർമാനുമായി നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തിനായി കൗണ്‍സില്‍ യോഗത്തിന് വിട്ടു. ഇതോടെയാണ് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് സെബാസ്റ്റ്യന്‍ പിന്മാറിയത്. കട പൂട്ടിച്ച തീരുമാനം കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ശരിവച്ചാല്‍ അംഗീകരിക്കാമെന്ന് സെബാസ്റ്റ്യനും ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam