കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഒരാൾക്ക് കൂടി പണം തിരികെ കിട്ടി; 5 ലക്ഷത്തിന്റെ ചെക്ക് മന്ത്രി നേരിട്ടെത്തി കൈമാറി

By Web TeamFirst Published Aug 8, 2022, 5:59 PM IST
Highlights

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരിൽ അത്യാവശ്യക്കാർക്ക് മാത്രം ഇപ്പോൾ പണം നൽകണമെന്നായിരുന്നു കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടത്

തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ച ഒരാൾക്ക് കൂടി തുക കൈമാറി. നിക്ഷേപതുക ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരായ മകളുടെ ചികിത്സ തടസപെട്ട മാപ്രാണം സ്വദേശി ജോസഫിന്റെ കുടുംബത്തിനാണ് പണം കൈമാറിയത്. അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരിട്ടെത്തി കൈമാറിയത്. 10,30,000 (പത്ത് ലക്ഷത്തി മുപതിനായിരം) രൂപയാണ് കരുവന്നൂർ ബാങ്കിൽ ജോസഫ് നിക്ഷേപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരും സി പി എം പ്രദേശിക നേതൃത്വവും മന്ത്രിയോടോപ്പമുണ്ടായിരുന്നു.

സഹകരണ മേഖലയിൽ റിസ്ക് ഫണ്ട് കൂട്ടുമെന്ന് മന്ത്രി വി.എൻ.വാസവൻ; കരുവന്നൂർ തട്ടിപ്പിൽ ആരെയും സംരക്ഷിക്കില്ല

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരിൽ അത്യാവശ്യക്കാർക്ക് മാത്രം ഇപ്പോൾ പണം നൽകണമെന്നായിരുന്നു കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടത്. പണം തിരിച്ചുനല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് പണം നല്‍കണം. ആര്‍ക്കൊക്കെ പണം നല്‍കി എന്നത് സംബന്ധിച്ച് കോടതിയെ ധരിപ്പിക്കുക്കയം വേണം. പണം എങ്ങനെ തിരിച്ചുനല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്ന് ബാങ്ക് അറിയിച്ചിരുന്നു. 284 കോടിയുടെ മറ്റ് നിക്ഷേപവും ബാങ്കിൽ ഉണ്ടെന്നായിരുന്നു ബാങ്ക് കോടതിയെ അറിയിച്ചത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം എവിടെ വരെയായി? പുരോഗതി അറിയിക്കാൻ സർക്കാരിനോട് കോടതി

ഒരു വർഷം മുൻപ് 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. 

ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.  കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറു പേരെയും, ഇടതു ഭരണ സമിതി അംഗങ്ങളായ 11 പേരെയും അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെ പിന്നീട് സർവീസിൽ തിരിച്ചെടുത്തിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികൾ തേക്കടിയിൽ വാങ്ങിയ ഭൂമി കണ്ടെത്താനുള്ള നടപടികൾ വൈകുന്നു

click me!