കരുവന്നൂരിൽ വൻതട്ടിപ്പ്: ലോണുകൾക്ക് 10 ശതമാനം കമ്മീഷൻ വാങ്ങി ബ്രാഞ്ച് മാനേജർ ആഡംബര റിസോർട്ടിൻ്റെ പണി തുടങ്ങി

By Web TeamFirst Published Jul 23, 2021, 7:22 AM IST
Highlights

ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷൻ ഈടാക്കിയെന്നും മുൻ ബ്രാഞ്ച് മാനേജർ ബിജു വഴി തേക്കടിയിൽ റിസോർട്ട് നിർമ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബിജെപി ആരോപിച്ചു

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വൻകിട ലോണുകൾ നൽകിയിരുന്നത് കമ്മീഷൻ വ്യവസ്ഥയിലെന്ന ആരോപണവുമായി ബിജെപി. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷൻ ഈടാക്കിയെന്നും മുൻ ബ്രാഞ്ച് മാനേജർ ബിജു വഴി തേക്കടിയിൽ റിസോർട്ട് നിർമ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബിജെപി ആരോപിച്ചു. ഇതിന് തെളിവായി തേക്കടിയിൽ ഒരുങ്ങുന്ന റിസോർട്ടിന്റെ ബ്രോഷറും പാർട്ടി പുറത്തുവിട്ടു. 

ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികൾ മുൻ ബ്രാഞ്ച് മാനേജർ ബിജുവിന്റെും ബാങ്കിന് കീഴിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടേയും നേതൃത്വത്തിൽ തേക്കടിയിലെ റിസോർട്ട് നിർമ്മാണത്തിന് വേണ്ടി  ഉപയോഗിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. 

എട്ട് ഏക്കറിൽ ഒരുങ്ങുന്ന തേക്കി എന്ന ഫൈവ് സ്റ്റാർ റിസോട്ടിന്റെ ബ്രോഷറാണ് ബിജെപി ഇതിനെ തെളിവായി കാണിക്കുന്നത്. ബിജുവും ബിജോയിയും റിസോട്ടിന്റെ പ്രമോട്ടർമാരാണെന്ന് ബ്രോഷറിലുണ്ട്. വൻകിട ലോണുകൾ എടുത്തുനൽകാൻ ബാങ്കിനകത്തും പുറത്തും ഇടനിലക്കാരുണ്ടായിരുന്നു. വലിയ തുകകൾ വായ്പ ആവശ്യമുള്ളവരെ സമീപിച്ച് അവരുമായി ധാരണയിലെത്തും. 

10 ശതമാനം കമ്മീഷൻ നിരക്കിലാണ് ലോൺ നൽകിയിരുന്നത്. കമ്മീഷൻ തുക തേക്കടിയിലെ റിസോർട്ടിനായി നിക്ഷേപിക്കുന്നു. റിസോട്ടിന്റെ ഷെയർ നൽകിക്കൊ‌ണ്ടുള്ള രേഖയും കൈമാറും. ഈട് നൽകാൻ ഇല്ലാത്തവർക്ക് പോലും വ്യാജ രേഖ ചമച്ച് മുൻ മാനേജരും സംഘവും കോടികൾ വായ്പയായി നൽകിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു. 

ബാങ്കിൽ നിന്ന് ബിനാമി പേരിൽ സിപിഎം നേതാക്കൾ പണം തട്ടിയെടുത്തതായും ബിജെപി ആരോപിക്കുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ അറിഞ്ഞാണ് തട്ടിപ്പെന്നും റിസോർട്ടിന്റെ നിർമ്മാണം സംബന്ധിച്ച് അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!