ചെലവ് 10 കോടി; ലോക നിലവാരത്തില്‍ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം, നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

By Web TeamFirst Published Jul 23, 2021, 2:35 AM IST
Highlights

ഓക്സിജൻ കോണ്‍സെന്‍ട്രേറ്റര്‍ സപ്പോർട്ടുള്ള നിരീക്ഷണ കിടക്കകൾ, മൊബൈൽ ഐസിയു ആംബുലൻസ്, ഓപ്പൺ ജിംനേഷ്യം അടക്കം കേന്ദ്രത്തിൽ വിപുലീകരിച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

മലപ്പുറം: പത്ത് കോടി ചെലവിൽ അത്യാധുനികസൗകര്യങ്ങളോടെ വിപിഎസ് ഹെൽത്ത്കെയർ പുനർനിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ  നാടിന് സമർപ്പിക്കും. ഓക്സിജൻ കോണ്‍സെന്‍ട്രേറ്റര്‍ സപ്പോർട്ടുള്ള നിരീക്ഷണ കിടക്കകൾ, മൊബൈൽ ഐസിയു ആംബുലൻസ്, ഓപ്പൺ ജിംനേഷ്യം അടക്കം കേന്ദ്രത്തിൽ വിപുലീകരിച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

അത്യാധൂനിക സാങ്കേതിക വിദ്യയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒന്നിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് അനുകരണീയ മാതൃകയെന്നാണ് വിദഗ്ദ അഭിപ്രായപ്പെടുന്നത്.  2018ലെ  പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് വിപിഎസ്-റീബിൽഡ് കേരള ഉദ്യമത്തിലൂടെ പുതിയ മുഖമാണ് ലഭിച്ചത്.

പ്രളയജലത്തിൽ മുങ്ങി  പൂർണ്ണമായും ഉപയോഗശൂന്യമായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായാണ് വിപിഎസ് ഹെൽത്ത്കെയർ പത്തുകോടി ചിലവിൽ പുനർനിർമ്മിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള  പുതിയ കുടുംബാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് യാഥാർഥ്യമായിരിക്കുന്നത്. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക ലബോറട്ടറിയും ഇമേജിംഗ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും കേന്ദ്രത്തിൽ  പ്രവർത്തന സജ്ജം. പതിവ് വൈദ്യപരിശോധനകൾക്കും ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം പ്രളയത്തിൽ നശിച്ചത് വാഴക്കാട്ടുകാർക്ക് സങ്കടകരമായ അനുഭവമായിരുന്നു.

താൽക്കാലിക കെട്ടിടത്തിൽ  സൗകര്യങ്ങളോടെ നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് പ്രദേശവാസികൾക്കാകെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനുള്ള ശേഷിയോടെ പുനർനിർമ്മിച്ച ബൃഹത്തായ കെട്ടിടത്തിലേക്ക് മാറുന്നത്. 

പ്രതിവർഷം 75,000 ആൾക്കാരാണ് വാഴക്കാട്ടെ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവർഷം രണ്ടുലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാനാകും. ഈ കണക്ക് തന്നെ വാഴക്കാട്ടെ ജനങ്ങളുടെ ജീവിതത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പങ്കിന് അടിവരയിടുന്നു. ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യ സേവനങ്ങൾ  നൽകാനുള്ള  ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് പദ്ധതിയെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.

പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായ വിപിഎസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിലിന് ഡോ. സക്കീന നന്ദിപറഞ്ഞു. പുനർനിർമിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുനായി ജനകീയ സ്വാഗത സംഘം രൂപീകരിച്ചു. ഇടി മുഹമ്മദ് ബഷീർ എംപിയാണ് സ്വാഗതസംഘം അധ്യക്ഷൻ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!