തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബാങ്കിന്റെ സപ്ലൈകോ ഏജന്റായി പ്രവർത്തിച്ച ബിജോയ് കോടികൾ വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. പ്രതികൾ തേക്കടിയിൽ നിർമിക്കുന്ന റിസോർട്ടിന്റെ എം ഡി ബിജോയ് ആയിരുന്നു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ സമയം തേടി. തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഇ.ഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സി.ബി.ഐയ്ക്കും ഇ.ഡിയ്ക്കും നോട്ടീസ് അയയ്ക്കാനും കോടതി നിർദേശം നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona