
തൃശൂര്‍: അപകട ഇന്‍ഷുറന്‍സ് തുക നിക്ഷേപിച്ച യുവാവിനോടും കരുവന്നൂര്‍ സഹകരണ ബാങ്കിന്‍റെ ക്രൂരത. ഒരു കാല്‍ നഷ്ടപ്പെട്ട മാപ്രാണം സ്വദേശി ഷിജുവിന് കൃത്രിമ കാല്‍ മാറ്റിവയ്ക്കാന്‍ ബാങ്ക് പണം നല്‍കിയില്ല. ചിട്ടി പിടിച്ച പതിനെട്ട് ലക്ഷം ബാങ്കിലിട്ട വേലായുധന് വീടുപണിക്ക് നല്‍കിയത് അയ്യായിരം രൂപ മാത്രമാണ്.
ഏഴ് കൊല്ലം കുവൈറ്റില്‍ ജോലി ചെയ്ത മാപ്രാണം സ്വദേശി ഷിജു അപകടത്തെത്തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്‍ഷുറന്‍സായി കിട്ടിയ പതിനഞ്ച് ലക്ഷം രൂപയാണ് ചികിത്സയ്ക്കും ജീവിതച്ചിലവിനും കണക്കാക്കി കരുവന്നൂര്‍ സഹകരണ ബാങ്കിനെ ഏല്‍പ്പിച്ചത്. കൃത്രിമ കാല് മാറ്റിവയ്ക്കുന്നതിന് ഒന്നര ലക്ഷം വേണമായിരുന്നു. ബാങ്കിനെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി വേദനപ്പിക്കുന്നതാണെന്ന് ഷിജു പറയുന്നു.
കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയോടൊപ്പം ആരോഗ്യ വകുപ്പില്‍ ജീവനക്കാരനായിരുന്നു വേലായുധന്‍. വിരമിച്ച ശേഷം ഓട്ടോ റിക്ഷാ ഓടിക്കാന്‍ തുടങ്ങി. ചിട്ടിപിടിച്ചതും ഓട്ടോ ഓടിക്കുന്നതില്‍ നിന്നു മിച്ചം പിടിച്ചതും ചേര്‍ത്ത് പതിനെട്ട് ലക്ഷമാണ് കരുവന്നൂരിലിട്ടത്. വീടൊന്ന് പുതുക്കിപ്പണിയാന്‍ ബാങ്കിനോട് കാശു ചോദിച്ചപ്പോള്‍ നല്‍കിയത് അയ്യായിരം രൂപമാത്രമാണ്. മറ്റൊരു ബാങ്കില്‍ നിന്ന് ലോണെടുത്താണിപ്പോള്‍ വേലായുധന്‍ വീട് പണിയുന്നത്. ഈ ലോണടയ്ക്കാന്‍ ആവതില്ലാത്ത കാലത്തും ഓട്ടോ ഓടിക്കുന്നു വേലായുധന്‍.
Read Also : Karuvannur Bank Scam 'ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ട്'; സി കെ ചന്ദ്രനെ തള്ളി സിപിഎം
അതിനിടെ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്ഥാവനയിൽ കുടുംബം അതൃപ്തി അറിയിച്ചു. മന്ത്രി ഖേദം പ്രകടിപ്പിച്ചതായും ബാക്കി തുകയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധിയല്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചതായി ഫിലോമിനയുടെ മകൻ ഡിനോ അറിയിച്ചു.
ഫിലോമിനയുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയിരുന്നെന്നും തൃശ്ശൂര്‍ മെഡിക്കൽ കോളജിൽ അത്യാധുനിക ചികിത്സ നൽകിയിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഒരു മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് ഫിലോമിന അന്തരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam