തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം എത്തിനിൽക്കുന്നത് ഇരിങ്ങാലക്കുടയിൽ രജിസ്ട്രർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ് , മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നിവയിലാണ് അന്വേഷണം നടത്തുക. പ്രതികളായ മുൻ മാനേജർ ബിജു കരീം, ബിജോയ്, ജിൽസ് എന്നിവർക്ക് ഇവരുടെ കുടുംബാംഗങ്ങൾക്കും ഈ കമ്പനികളിൽ പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് അന്വേഷണം ഈ കമ്പനികളിലേക്കും നീങ്ങുന്നത്.
അതേ സമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണസമിതിയംഗങ്ങളിൽ നിന്നും ഇന്ന് മൊഴിയെടുക്കും. തൃശൂരിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ നേരിട്ട് ഹാജരാവാൻ ഡയറക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
അതിനിടെ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യും. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍റെ സാന്നിധ്യത്തിലായിരിക്കും യോഗം. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് അടിയന്തര യോഗം ചേരുന്നത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ചീഫ് അക്കൗണ്ടന്റ് സി.കെ.ജിൽസും പാർട്ടി അംഗമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam