കരുവന്നൂരിലേത് സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പോ? സിപിഎം പ്രതിരോധത്തിൽ

By Web TeamFirst Published Jul 23, 2021, 3:17 PM IST
Highlights

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ പ്രതിരോധത്തിലാണ് സിപിഎം. നാല് പതിറ്റാണ്ടിലേറെയായി സിപിഎം ഭരിക്കുന്ന സഹകരണബാങ്കാണിത്. കുറ്റക്കാർക്കെതിരെ കർശനനടപടിയെടുക്കുമെന്നാണ് പാർട്ടി വ്യക്തമാക്കിയിട്ടുള്ളത്. തട്ടിപ്പ് കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പുതിയ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

തൃശ്ശൂർ: വ്യാപക തട്ടിപ്പ് നടന്ന തൃശ്ശൂർ കരുവന്നൂരിലെ സഹകരണബാങ്കിൽ നിന്ന് വായ്പയെടുക്കാത്തവർക്കും ജപ്തി നോട്ടീസ് കിട്ടി. വെറും മൂന്ന് സെന്‍റ് മാത്രം സ്വന്തം പേരിലുള്ള ഇരിഞ്ഞാലക്കുട സ്വദേശി രാജുവിനാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ ഉടൻ തിരിച്ചടയ്ക്കാനാണ് രാജുവിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ബാങ്ക് മാനേജരായ ബിജു കരീമിനെ വിവരം അറിയിച്ചപ്പോൾ സാരമില്ലെന്ന് മറുപടി കിട്ടിയെന്നാണ് രാജു പറയുന്നത്. സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർക്ക് രാജു പരാതി നൽകുകയും ചെയ്തിട്ടുണ്ട്. 

ജീവിതത്തിലിന്നേ വരെ ഒരു വായ്പയെടുക്കുകയോ അപേക്ഷ നൽകുകയോ രാജു ചെയ്തിട്ടില്ല. ബാങ്കിൽ ഒരു അംഗത്വത്തിന്‍റെ കാർഡ് മാത്രമാണ് രാജുവിനുള്ളത്. രാജുവിന്‍റെ പേരിൽ ആരെങ്കിലും വായ്പയെടുത്തിട്ടുണ്ടാവാം എന്നാണ് അദ്ദേഹം കരുതുന്നത്. വ്യാജ ആധാരം വച്ച് ആരെങ്കിലും വായ്പയെടുത്തോ എന്നും രാജുവിന് ഒരു പിടിയുമില്ല. 

ബാങ്ക് തട്ടിപ്പിൽ കടുത്ത പ്രതിരോധത്തിലായ സിപിഎം ഭരണസമിതി അംഗങ്ങളോട് വിശദീകരണം തേടിയിട്ടുണ്ട്. തട്ടിപ്പ് കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പുതിയ കേസും റജിസ്റ്റർ ചെയ്തിരുന്നു. കേസിലെ പ്രധാനപ്രതികളെല്ലാം സിപിഎം അംഗങ്ങളാണ് എന്നതാണ് കേസിന്‍റെ ഗൗരവസ്വഭാവം കൂട്ടുന്നത്. 

നാല് പതിറ്റാണ്ടിലേറെയായി സിപിഎം ഭരിക്കുന്ന സഹകരണബാങ്കാണിത്. കുറ്റക്കാർക്കെതിരെ കർശനനടപടിയെടുക്കുമെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ആറ് ഭരണസമിതി അംഗങ്ങളിൽ നിന്ന് വിശദീകരണവും തേടി. 

പ്രതികൾ സിപിഎം അംഗങ്ങൾ

സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി ആര്‍ സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. സെക്രട്ടറി ടി ആർ സുനില്‍കുമാറാകട്ടെ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും. ചീഫ് അക്കൗണ്ടന്‍റ് സി.കെ ജിൽസും പാർട്ടി അംഗമാണ്.

പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇവർ  കുറ്റക്കാരാണെന്ന് നേരത്തെ  കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ഇതുവരെ അച്ചടക്ക നടപടി എടുത്തിട്ടില്ല. കഴിഞ്ഞ 19-നു ശേഷം പ്രതികളെ നാട്ടില്‍ കണ്ടിട്ടില്ല. ഒളിവിലാണെന്നാണ് സൂചന.

അതേസമയം, ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ തുക മടക്കികിട്ടാന്‍ ശാഖയ്ക്കു മുമ്പിൽ കാത്തു കെട്ടി നിൽക്കുകയാണ്. എത്ര വലിയ തുക നിക്ഷേപിച്ചവരായാലും പതിനായിരം രൂപ മാത്രമേ നല്‍കൂ. അതേസമയം ബാങ്ക് ശാഖയ്ക്കു മുമ്പിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം തുടരുകയാണ്. 

ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം ഉടനെ അറസ്റ്റിലേക്ക് നീങ്ങും. നിലവില്‍ ബാങ്ക് ജീവനക്കാര്‍ മാത്രമാണ് പ്രതികള്‍. ഭരണസമിതി അംഗങ്ങളെ ഇതുവരെ പ്രതികളാക്കിയിട്ടില്ല. 

പുറത്ത് വരുന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്

സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായി കരുവന്നൂരിലെ ബാങ്കിലെ പണത്തിന്‍റെ തിരിമറി മാറുകയാണ്. സംഭവം പ്രതിപക്ഷം സർക്കാരിനെതിരായ ആയുധമായി ഉപയോഗിക്കുന്നു. ഒരു രൂപപോലും വായ്പ എടുക്കാത്തവർക്ക് 100 കോടി വായ്പയിൽ തിരിച്ചടക്കാൻ നോട്ടീസും ജപ്തി ഭീഷണിയും വരുന്നു. വായ്പകളും നറുക്കെടുപ്പുമെല്ലാം സിപിഎം ബന്ധമുള്ള ജീവനക്കാർക്കും പാർട്ടിക്കാർക്കും മാത്രം കിട്ടുന്നു. സഹകരണബാങ്കിൽ അരങ്ങേറിയത് വൻകൊള്ളയെന്ന് പ്രതിപക്ഷം സഭയിൽ ആരോപണം ഉന്നയിച്ചു. 

2018-ൽ പരാതി ഉയർന്നപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി മുതൽ സംസ്ഥാന നേതാക്കൾ വരെ  അന്വേഷിച്ച് തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും പാർട്ടി  നേതൃത്വം അനങ്ങാതിരുന്നതാണ് തട്ടിപ്പ് തുടരാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിജിലൻസ് അന്വേഷണത്തിന് അടക്കം സഹകരണവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പൂഴ്ത്തി സഹകരണവകുപ്പും പൂഴ്ത്തിയെന്നും പ്രതിപക്ഷ ആരോപണം. 7 ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നുമായിരുന്നു സഹകരണമന്ത്രിയുടെ മറുപടി.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!