
കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ. ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയില്‍ പറഞ്ഞു. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
കരുവന്നൂര്‍ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ അവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് ദിവസമാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടേക്കും. അരവിന്ദാക്ഷനെ കൂടാതെ ബാങ്കിലെ മുൻ സീനിയർ ക്ലാർക്ക് ജിൽസിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി സതീഷ്കുമാറുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വിവിധ വാക്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ കൂടി ശേഖരിക്കുന്നതിനു കൂടിയാണ് ഇ ഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ജിൽസ് 4.5 കോടി രൂപയാണ് ബന്ധുക്കളുടെ പേരിൽ ബാങ്കിൽ നിന്ന് വായ്പയായി തരപ്പെടുത്തിയത്. ബാങ്ക് കേന്ദ്രീകരിച്ചു നടന്ന പല ഇടപാടുകളും ജിൽസ് കൂടി ഉൾപ്പെട്ടാണെന്നു ഇ ഡി പറയുന്നു. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വിശദാംശങ്ങളാണ് അരവിന്ദാക്ഷനിൽ നിന്ന് ഇ ഡി തേടുക. കേസിൽ കൂടുതൽ സാക്ഷികളുടെ ചോദ്യം ചെയ്യലും തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam