Karuvannur Bank Scam; 'ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചന'; പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം

By Web TeamFirst Published Jul 31, 2022, 9:56 AM IST
Highlights

ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണ്. അത് തിരിച്ചറിയുന്നതിൽ പിഴവ് പറ്റിയെന്നും സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സി പിഎം. ജീവനക്കാർ പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണ്. അത് തിരിച്ചറിയുന്നതിൽ പിഴവ് പറ്റിയെന്നും സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചില പ്രതികൾക്ക് സ്ത്രീധനത്തിലൂടെ കിട്ടിയ പണമാണ് എന്നാണ് കരുതിയത്. തിരിച്ചറിഞ്ഞപ്പോഴേക്കും കൈവിട്ടു പോയി. ഭരണ സമിതി തന്നെയാണ് പരാതി നൽകിയത് എന്നും വി.എ.മനോജ് കുമാർ പറഞ്ഞു. 

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് നിക്ഷേപകർ. തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി നാളെ പരിഗണിക്കും. നിക്ഷേപകർക്ക് പണം തിരിച്ച് നൽകാൻ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ നാളെ അറിയിക്കണം. ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരനായ എംവി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികൾ തേക്കടിയിൽ വാങ്ങിയ ഭൂമി കണ്ടെത്താനുള്ള നടപടികൾ വൈകുന്നു

കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിക്കുന്നത്. 104 കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം ഉന്നത നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.

കഴിഞ്ഞ വർഷം ജൂലൈ 21 ന് മുൻ ജീവനക്കാരനായ എം വി സുരേഷ് നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാ‌ഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചു. എന്നാൽ വർഷം ഒന്ന് കഴി‌ഞ്ഞിട്ടും മുഴുവൻ പ്രതികളും കേസിൽ പ്രതിയായില്ല.തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ആയിട്ടില്ല.

നിക്ഷേപകർ നൽകിയ രണ്ടാമതൊരു ഹർജികൂടി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചും നാളെ പരിഗണിക്കുന്നുണ്ട്.ഈ ഹർജിയിൽ കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയെന്നും സർക്കാറിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നും അറിയിക്കാൻ ജസ്റ്റിസ് ടി ആർ രവി നിർദേശം നൽകിയിട്ടുണ്ട്. നാളെ ഹർജി പരിഗണിക്കുമ്പോൾ സർക്കാറിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടിവരും. 

Read Also: 'കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം'; ഒന്നാം പ്രതിയുടെ അച്ഛൻ

ഒരു വർഷം മുമ്പ് തന്നെ 6 പേരെ പ്രതിയാക്കി എൻഫോഴ്സ്മെന്റും കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് എടുത്ത എഫ്ഐആർ അടിസ്ഥാനത്തിലായിരുന്നു അന്വഷണം. ബാങ്കിൽ കോടികളുടെ കള്ളപ്പണം ഉണ്ടെന്നും ഇവ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇഡി വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക പരിശോധനയല്ലാതെ തുടർ നടപടികൾ ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.


 

click me!