ആൻ മേരി ബെന്നി കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു, കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിക്കും

Web Desk   | Asianet News
Published : Aug 14, 2020, 10:11 AM ISTUpdated : Aug 14, 2020, 10:22 AM IST
ആൻ മേരി ബെന്നി കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു, കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിക്കും

Synopsis

കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാസർകോട്: ആൻ മേരി ബെന്നി കൊലക്കേസിൽ പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥൻ അറിയിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊല ചെയ്യാൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു ലക്ഷ്യം. 

തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് ആൻ മേരി ബെന്നിയുടെ മരണത്തിനിടയാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. മ‌ഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ വൈദ്യന്റെ അടുത്താണ് ആൻ മേരിയെ കൊണ്ടുപോയത്. തുടക്കത്തിലെ വിദഗ്ധ ചികിത്സ നൽകാത്തതാണ് 16 കാരിയെ മരണത്തിലേക്ക് നയിച്ചത്. ഐസ്ക്രീമിൽ വിഷം കലർത്തി നൽകി വീട്ടിലുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ആൽബിൻ പദ്ധതിയിട്ടെന്നാണ് പൊലീസ് കണ്ടെത്തൽ. എലിവിഷം ശരീരത്തിലെത്തിയതിനെ തുടർന്ന് അവശ നിലയിലായ ആൽബിന്റെ അച്ഛൻ ബെന്നി അപകട നില തരണം ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഈ മാസം അഞ്ചിനാണ് ഛർദ്ദിയെത്തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന ആൻ മേരി ബെന്നി മരിച്ചത്. പിറ്റേന്ന് തന്നെ ആൻ മേരിയുടെ അച്ഛൻ ബെന്നിയും അമ്മ ബെൻസിയേയും ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആൻ മേരിയുടെ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ എലിവിഷത്തിന്‍റെ അംശം കണ്ടെത്തിയത് വഴിത്തിരിവായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്. 

ആൽബിനെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്നാണ് ആൽബിൻ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി. സഹോദരി മരിച്ചപ്പോഴും അച്ഛൻ ബെന്നി ഗുരുതരാവസ്ഥയിലായപ്പോഴുമെല്ലാം ആൽബിൻ ഒരു കൂസലുമില്ലാതെ നിന്നു.

സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങൾക്ക് തടസമായ കുടുംബത്തെ പൂർണമായും ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആൽബി‍ന്റെ മൊഴി. ഐസ്ക്രീമിൽ എലിവിഷം കലർത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയിൽ വിഷം കലർത്തിയിരുന്നു. എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ കുടുംബം രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം