
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ ഇനിയും കേസെടുക്കാതെ പൊലീസ്. ആൾമാറാട്ടവും വ്യാജരേഖ ചമക്കലും വ്യക്തമായി തെളിഞ്ഞിട്ടും കേസെടുക്കാത്തതിൽ പൊലീസ് കൃത്യമായ വിശദീകരണം നൽകുന്നില്ല. സംഭവത്തില്‍ ഇതുവരെ പരാതി കൊടുക്കാൻ മടിച്ച കേരള സർവകലാശാല നാളെ സിണ്ടിക്കേറ്റ് യോഗം ചേർന്ന് പരാതി നൽകാനാണ് നീക്കം.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ മത്സരിച്ച് ജയിച്ച കൗൺസിലറെ വെട്ടി മത്സരിക്കാത്ത എസ്എഫ് ഐ നേതാവിൻ്റെ പേര് പകരം തിരുകിക്കയറ്റി എന്ന് കൃത്യമായി തെളിഞ്ഞതാണ്. പ്രിൻസിപ്പൽ പിഴവ് രണ്ട് തവണ സർവകലാശാലയോട് ഏറ്റുപറഞ്ഞു. പിൻവാതിൽ വഴി കൗൺസിലറാകാൻ ശ്രമിച്ച മുൻ ഏരിയ സെക്രട്ടറി എ വിശാഖിനെതിരെ എസ്എഫ്ഐയും സിപിഎമ്മും നടപടിയുമെടുത്തു. വിശാഖിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാണ് നടപടി. ഇത്രയൊക്കെയായിട്ടും പൊലീസിന് കേസെടുക്കുന്നതിൽ ഒരനക്കവുമില്ല. ബുധനാഴ്ച രാവിലെ ഇ മെയിൽ വഴിയാണ് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി തുടർനടപടിക്കായി ഇതുവരെ താഴേതട്ടിലേക്ക് കൈമാറിയിട്ടില്ല.
സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് കാട്ടാക്കട പൊലീസിൻ്റെ വിശദീകരണം. പ്രിൻസിപ്പലിനെതിരെയും വിശാഖിനെതിരെയും കേസെടുക്കാനുള്ള എല്ലാ തെളിവുകളും ബാക്കിനിൽക്കെയാണ് ഉഴപ്പൽ. ആൾമാറാട്ടത്തിൽ സർവകലാശാലക്കും ഇതുവരെ അൻക്കമുണ്ടായിരുന്നില്ല. നാളെ ചേരുന്ന സിണ്ടിക്കേറ്റ് യോഗം പരാതി നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് സർവകലാശാല പറയുന്നത്. പ്രിൻസിപ്പലിനെ പൂർണ്ണമായും പഴിക്കുകയാണ് ഉന്നത വിദ്യാഭ്യാസവകുപ്പ്. പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ മാറ്റുന്ന കാര്യത്തിലും നാളെ തീരുമാനമെടുക്കും.