നാട്ടിലും കാട്ടിലും വിലസി കാട്ടാനകള്‍; ആറ് വര്‍ഷത്തിന് ശേഷം കണക്കെടുക്കാന്‍ വനംവകുപ്പ്

Published : May 19, 2023, 01:16 PM IST
നാട്ടിലും കാട്ടിലും വിലസി കാട്ടാനകള്‍; ആറ് വര്‍ഷത്തിന് ശേഷം കണക്കെടുക്കാന്‍ വനംവകുപ്പ്

Synopsis

ആനപ്പിണ്ടങ്ങളുടെ എണ്ണം പരിശോധിച്ചു കണക്കെടുപ്പ് നടത്തും. ആനപ്പിണ്ടത്തിന്റെ പഴക്കം, കാട്ടാന മരത്തിലുരസിയ പാടുകള്‍, മറ്റു പ്രത്യേകതകള്‍ എന്നിവയും സര്‍വ്വേയുടെ ഭാഗമായി വിലയിരുത്തും

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ വനമേഖലകളിലെ കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കമായി. ആറ് വര്‍ഷത്തിനു ശേഷമാണ് വയനാട്ടിലെ കാട്ടാനകളുടെ കണക്കെടുക്കുന്നത്. വയനാട് വന്യജീവി സങ്കേതതത്തിലെ ഇരുപത്തിമൂന്നും സൗത്ത് വയനാട് ഡിവിഷനെ പതിനേഴും നോര്‍ത്ത് വയനാട് ഡിവിഷനെ പതിനാലും ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. ആകെയുള്ള അമ്പത്തിനാല് ബ്ലോക്കുകളില്‍ മൂന്ന് ദിവസമായി നടക്കുന്ന സര്‍വ്വേയില്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി, വനംസംരക്ഷണ സമിതി ജീവനക്കാരുള്‍പ്പെടെ പങ്കെടുക്കും. 

നാല് പേരായിരിക്കും ഓരോ ബ്ലോക്കിലും സര്‍വ്വേ സംഘത്തിലുണ്ടാകുക. കഴിഞ്ഞ ദിവസം ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പാണ് നടന്നത്. ശരാശരി മൂന്ന് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഓരോ ബ്ലോക്കിലും സര്‍വ്വേ സംഘം കാല്‍നടയായി സഞ്ചരിച്ച് ആനകളുടെ എണ്ണവും ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും രേഖപ്പെടുത്തും. വയനാട്ടില്‍ നേരത്തെയുള്ളതിനെക്കാള്‍ കൂടുതല്‍ ആനകളെ കണ്ടെത്തിയെന്നാണ് സര്‍വ്വേയിലെ പ്രാഥമിക വിവരം. വ്യാഴാഴ്ച ആനപ്പിണ്ടങ്ങളുടെ എണ്ണം പരിശോധിച്ചു കണക്കെടുപ്പ് നടത്തും. ആനപ്പിണ്ടത്തിന്റെ പഴക്കം, കാട്ടാന മരത്തിലുരസിയ പാടുകള്‍, മറ്റു പ്രത്യേകതകള്‍ എന്നിവയും സര്‍വ്വേയുടെ ഭാഗമായി വിലയിരുത്തും. അവസാനദിനമായ വെള്ളിയാഴ്ച കാട്ടാനകളുടെ പ്രായം, ലിംഗം എന്നിവ വേര്‍തിരിക്കുന്ന സര്‍വ്വേയായിരിക്കും നടക്കുക.

ഇതിനായി കാട്ടാനകള്‍ കൂടുതലായെത്തുന്ന ജലസ്രോതസ്സുകള്‍ കേന്ദ്രീകരിക്കാനാണ് സര്‍വ്വേ സംഘം തീരുമാനിച്ചിരിക്കുന്നത്. വനത്തിലെ തോടുകള്‍, പുഴകള്‍ എന്നിവിടങ്ങളില്‍ ആനകളുടെ കാല്‍പ്പാടുകള്‍ പരിശോധിക്കും. കൊമ്പനാന, പിടിയാന, മോഴ, ഒറ്റയാന്‍, കൂട്ടം, കുട്ടികള്‍, മുതിര്‍ന്ന ആന എന്നിങ്ങനെ തരംതിരിച്ച് വിവരങ്ങള്‍ സര്‍വ്വേ ആപ്പില്‍ രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് ജൂലൈയില്‍ ആനകളുടെ കണക്ക് പുറത്തുവിടും. 2017ല്‍ നടന്ന സര്‍വ്വേയില്‍ വയനാട് സങ്കേതത്തില്‍  മാത്രം 930 ആനകളുണ്ടെന്നായിരുന്നു കണ്ടെത്തിയത്.

കേരളത്തില്‍ വയനാടിന് പുറമേ പെരിയാര്‍, ആനമുടി, നിലമ്പൂര്‍ കാടുകളിലും സര്‍വ്വേ നടക്കും. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മേല്‍പ്പറഞ്ഞ ദിവസങ്ങളിലാണ് സര്‍വ്വേ നടക്കുന്നത്. കാട്ടാനകള്‍ അതിര്‍ത്തി കടന്നും സഞ്ചരിക്കുന്നതിനാലാണ് ഒന്നിച്ച് കണക്കെടുക്കുന്നത്. കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ഒരു ഭാഗം, ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങള്‍, വയനാട് നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകളുടെ ഭാഗങ്ങള്‍, വയനാട് വന്യജീവി സങ്കേതം എന്നിവയുള്‍പ്പെടുന്ന ഭൂപ്രദേശങ്ങളിലെ കടുവകളുടെ എണ്ണമറിയാന്‍ കഴിഞ്ഞ മാസം തുടങ്ങിയ കണക്കെടുപ്പും പുരോഗമിക്കുകയാണ്. ഉച്ചക്ക് ശേഷം മഴ ശക്തമായി പെയ്യുന്നതിനാല്‍ തന്നെ കാലാവസ്ഥയും അനുയോജ്യമായാലെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാകു.

'കാട് അത് അവനുള്ളത്'; അരിക്കൊമ്പന് വേണ്ടി ഇടുക്കിയില്‍ ഫാന്‍സ് അസോസിയേഷന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു
ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്