
ഇടുക്കി: കട്ടപ്പനയില്‍ മുന്‍ സിഐടിയു നേതാവ് ലൂക്ക ജോസഫ് തണ്ടപ്പേര്‍ തിരുത്തി ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ നടപടിയായി. തണ്ടപ്പേർ തട്ടിപ്പിന് ഒത്താശ ചെയ്ത കട്ടപ്പന മുൻ വില്ലേജ് ഓഫീസർ ആന്റണിയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ചൊവ്വാഴ്ചക്കകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തണ്ടപ്പേർ റദ്ദാക്കുമെന്ന് ലൂക്ക ജോസഫിന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. തണ്ടപ്പേർ തട്ടിപ്പ് സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.
ലൂക്ക ജോസഫിനായി മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ കീറിമാറ്റി പുതിയത് ഒട്ടിച്ചതും, കരമടച്ച് നൽകിയതും മുൻ വില്ലേജ് ഓഫീസർ ആന്റണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി. ലൂക്കയുടെ കെട്ടിടം പുറമ്പോക്ക് ഭൂമിയിലെന്ന പരാതിയിൽ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാന്‍ തഹസിൽദാർക്ക് ജില്ലാ കളക്ടര്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടം പുറമ്പോക്ക് ഭൂമിയിലാണെന്ന് വില്ലേജ് ഓഫീസർ പ്രാഥമിക ഘട്ടത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടത്തിന് അനുമതി കിട്ടാനായാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേര് ലൂക്ക ലൂക്ക ജോസഫ് തട്ടിയെടുത്തത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നും വില്ലേജ് ഓഫീസിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് ലൂക്ക ജോസഫിന്‍റെ ന്യായീകരണം.
വാഴവര സ്വദേശി സിബി 2006 ഏപ്രിലിൽ വാങ്ങുകയും 2010 വരെ കരമടക്കുകയും ചെയ്തിരുന്ന ഭൂമിയുടെ തണ്ടപ്പേരാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇടയ്ക്ക് മുടങ്ങിപ്പോയ കരം വീണ്ടും അടക്കാൻ ചെന്നപ്പോള്‍ ആ തണ്ടപ്പേരിൽ അങ്ങനെ ഒരു ഭൂമിയേ ഇല്ലെന്ന് കട്ടപ്പന വില്ലേജ് ഓഫീസ് സിബിയെ അറിയിക്കുകയായിരുന്നു. . സിബിയുടെ പരാതിയിൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ ഇതേ തണ്ടപ്പേരിൽ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് എന്നയാൾ കരമടക്കുന്നതായി കണ്ടു. അങ്ങനെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. എന്നാൽ ലൂക്കയുടേതെന്ന് പറയുന്ന ഭൂമിക്ക് മുന്നാധാരമോ മറ്റ് രേഖകളോ ഇല്ല.
ഈ വിവാദഭൂമിയിലാണ് ഇപ്പോൾ സിപിഎമ്മിന്റെ സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര രേഖകളൊന്നുമില്ലാത്തതിനാൽ ഇവിടെ കെട്ടിടം പണിയുന്നതിന് ആദ്യം കട്ടപ്പന മുൻസിപ്പാലിറ്റി അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വർഷങ്ങളായി കരമടക്കാതെ കിടന്നിരുന്ന ഒരു ഭൂമിയുടെ തണ്ടപ്പേർ അടിച്ചുമാറ്റുകയാണ് ലൂക്ക ചെയ്തത്.
മൂന്ന് വർഷം മുമ്പ് നടന്ന തട്ടിപ്പിന് ലൂക്കയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മുൻ വില്ലേജ് ഓഫീസർ ആന്റണിയാണ്. യാഥാർത്ഥ തണ്ടപ്പേർ കീറിമാറ്റി പുതിയത് ഒട്ടിച്ചു. 2006 മെയ് മുതൽ കരമടക്കുന്നതായി രേഖകളും ഉണ്ടാക്കി നൽകി. ലൂക്കയുടെ തട്ടിപ്പിന് ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണ ഉണ്ടെന്നും അതെല്ലാം അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam