അടിമലത്തുറ കയ്യേറ്റം: അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

By Web TeamFirst Published Feb 13, 2020, 1:02 PM IST
Highlights

രാവിലെ തിരുവനന്തപുരം കളക്ടറും ഒരു സംഘം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അടിമലത്തുറയിലെ 12 ഏക്കർ കയ്യേറ്റഭൂമി നേരിട്ടെത്തി പരിശോധിച്ച് രേഖകൾ വിലയിരുത്തി. തുടർന്നാണ് നടപടി. 

തിരുവനന്തപുരം: അടിമലത്തുറയിൽ ലത്തീൻ പള്ളികമ്മിറ്റിയുടെ നിയമലംഘനങ്ങളിൽ ശക്തമായി നടപടിയുമായി സർക്കാർ. തീരത്തെ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കും സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തിയ ശേഷമാണ് കളക്ടറുടെ നടപടി. തിരുവനന്തപുരം അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ പള്ളി ഭൂമി വിറ്റുവെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്.

രാവിലെ 8.30-നാണ് ജില്ലാ കളക്ടർ ബി ഗോപാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടിമലത്തുറയിലെത്തിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്ന മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചാണ് കളക്ടർ എത്തിയത്.

അടിമലത്തുറയിൽ 12 ഏക്കർ സർക്കാർ ഭൂമിയാണ് അടിമലത്തുറ ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയത്. ഇതാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിറ്റത്. ഇതിൽ ഒമ്പതേക്കർ മൂന്ന് സെന്‍റുകളായി തിരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിൽക്കുകയായിരുന്നു. ഒന്നരയേക്കർ പുറമ്പോക്ക് കയ്യേറി അത്യാഢംബര കൺവെൻഷൻ സെന്‍റർ നിർമിച്ചു. 55 സെന്‍റ് റവന്യൂഭൂമി കയ്യേറുകയും ചെയ്തു. അങ്ങനെ കേരളത്തിന്‍റെ തീരഭൂമിയിൽ നിർണായകമായ 12 ഏക്കർ പുറമ്പോക്കുൾപ്പടെയുള്ള സർക്കാർ ഭൂമിയാണ് ലത്തീൻ പള്ളി കമ്മിറ്റി കയ്യേറിയതും മത്സ്യത്തൊഴിലാളികൾക്ക് മറിച്ച് വിറ്റതും. 

ഇവിടെ പട്ടയം പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് റവന്യൂ മന്ത്രിയടക്കമുള്ളവർ പറഞ്ഞിരുന്നു. ഇത് സർക്കാർ, പുറമ്പോക്ക് ഭൂമിയാണ്. വില കൊടുത്തു വാങ്ങിയ ഈ ഭൂമിയിൽ ഉള്ള പണം മുഴുവൻ ചെലവാക്കി മത്സ്യത്തൊഴിലാളികൾ വീട് കെട്ടി. ഇവിടെ കുടിവെള്ള, വൈദ്യുതി കണക്ഷന് അപേക്ഷിച്ചപ്പോൾ അത് പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും, സർക്കാർ പിന്തുണയോടെ ഈ നിർമിതികൾ അനുവദിക്കാൻ കഴിയില്ലെന്നും റവന്യൂ മന്ത്രിയും ഫിഷറീസ് മന്ത്രിയുമടക്കം നിലപാടെടുക്കുകയും ചെയ്തു. 

മൂന്ന് കയ്യേറ്റങ്ങളും കളക്ടറും സംഘവും പരിശോധിച്ചു. മത്സ്യത്തൊഴിലാളികളിൽ നിന്നും അഭിപ്രായം തേടി. സഭാ നേതൃത്വം ഇടപെട്ട പശ്ചാത്തലത്തിൽ പള്ളിക്കമ്മിറ്റിയും പരിശോധനകളിൽ സഹകരിച്ചു.

പരിശോധനക്ക് ശേഷം കളക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തു. അടിയന്തിരമായി അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പള്ളികമ്മിറ്റി പണം വാങ്ങിയതും, തീരം കൊള്ളയും സംബന്ധിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ട് വന്നതിന് പിന്നാലെ കളക്ടർ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഇതിൽ സ്ഥലത്ത് കയ്യേറ്റമുണ്ടായെന്നും പുറമ്പോക്ക് വിറ്റ് മത്സ്യത്തൊഴിലാളികളിൽ നിന്നും പള്ളിക്കമ്മിറ്റി പണം വാങ്ങിയതായും സ്ഥിരീകരിക്കുന്നുണ്ട്. റവന്യൂമന്ത്രിക്ക് കൈമാറിയ ഈ റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രി പരിശോധിക്കുകയാണ്. ഇതിനിടെയാണ് തുടർനടപടികൾ ആലോചിക്കാൻ കളക്ടർ കയ്യേറ്റ ഭൂമിയിലെത്തിയത്.

എന്തായിരുന്നു അടിമലത്തുറയിലെ കയ്യേറ്റം? വിശദമായി ആ വാർത്ത റിപ്പോ‍ർട്ട് ചെയ്ത ഞങ്ങളുടെ പ്രതിനിധി അനൂപ് ബാലചന്ദ്രൻ തന്നെ എഴുതിയത് വായിക്കാം:

Read more at: അടിമലത്തുറയെന്ന കയ്യേറ്റ റിപ്പബ്ലിക്; അന്വേഷണത്തിലെ കണ്ടെത്തലുകള്‍

click me!