കത്വ ഫണ്ട് വിവാദം തുടരുന്നു; കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ഐഎന്‍എല്‍, പണം നല്‍കിയതിന് തെളിവുമായി യൂത്ത് ലീഗ്

By Web TeamFirst Published Feb 8, 2021, 3:51 PM IST
Highlights

കേരളത്തില്‍ കത്വ ഫണ്ട് പിരിവിന് നേതൃത്ത്വം നല്‍കിയത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയാണ്. അതിനാല്‍ സികെ സുബൈറല്ല, പികെ ഫിറോസാണ് വിവാദത്തിന് മറുപടി നല്‍കേണ്ടതെന്ന് ഐഎന്‍എല്‍ 

മലപ്പുറം: കത്വ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് പുറത്ത് വിട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ഐഎന്‍എല്‍ നേതാക്കള്‍. പെൺകുട്ടിയുടെ പിതാവിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചില്ലെന്നും ഐഎന്‍എല്‍ ആരോപിച്ചു. നേരിട്ടും വ്യക്തിഗത അക്കൗണ്ടിലേക്കും പണം കൈമാറിയെന്ന് യൂത്ത് ലീഗ് നേരത്തെ വിശദീകരിച്ചിരുന്നു. ഇത് ഇരയുടെ പിതാവും ശരിവെച്ചു. ഇതിനിടെ മുസ്ലിം ലീഗിന്‍റെ പ്രളയഫണ്ട് വിനിയോഗത്തില്‍ ആരോപണവുമായി സിപിഎം മലപ്പുറം ജില്ല കമ്മിറ്റിയും രംഗത്തെത്തി.

കേരളത്തില്‍ കത്വ ഫണ്ട് പിരിവിന് നേതൃത്ത്വം നല്‍കിയത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയാണ്. അതിനാല്‍ സികെ സുബൈറല്ല, പികെ ഫിറോസാണ് വിവാദത്തിന് മറുപടി നല്‍കേണ്ടതെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടു. വിവാദമായപ്പോള്‍ യൂത്ത് ലീഗ് നേതാക്കള്‍ കള്ളക്കണക്ക്
പുറത്ത് വിട്ടെന്നും ഐഎന്‍എല്‍ നേതാക്കള്‍ ആരോപിച്ചു.

പെൺകുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് നേതാക്കള്‍ പണം നല്‍കിയതിന് തെളിവില്ലെന്ന് ഐഎന്‍എല്‍ നേതാക്കള്‍ ബാങ്ക് രേഖകളുമായി വിശദീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന് മൂന്നര ലക്ഷം രൂപ നേരിട്ടും ഒന്നര ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് ചെക്കായും നല്‍കിയെന്ന് യൂത്ത് ലീഗ് നേരത്തെ വിശദീകരിച്ചിരുന്നു.

2018 ലെ പ്രളത്തില്‍ പിരിച്ച ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ മുസ്ലിം ലീഗിനെതിരെ ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി. കേരളത്തിന് പുറത്ത് നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പ്രളയ ഫണ്ടിലേക്ക് മുസ്ലിം ലീഗ് കോടികള്‍ പിരിച്ചെന്നും സിപിഎം ആരോപിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ചും നടത്തിയ ഫണ്ട് പിരിവിന്‍റെ എല്ലാ വിശദാംശങ്ങളും മുസ്ലിം ലീഗ് വിശദീകരിക്കണമെന്നാണ് സിപിഎമ്മിന്‍റെ
ആവശ്യം.

click me!