നിനിത കണിച്ചേരിയുടെ നിയമനത്തിൽ വിശദീകരണം തേടി ഗവർണർ; അന്വേഷണം വേണ്ടെന്ന് വിസി

By Web TeamFirst Published Feb 8, 2021, 3:22 PM IST
Highlights

നിനിതയുടെ നിയമനത്തിൽ ഗവർണർ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും രണ്ട് ദിവസം കൊണ്ട് മറുപടി നൽകുമെന്നും കാലടി സർവ്വകലാശാല വൈസ് ചാൻസലർ ധ‍ർമരാജ് അടാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ​അന്വേഷണം നടത്തേണ്ട ആവിശ്യമില്ലെന്ന് വൈസ് ചാൻസലർ. നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കില്ലെന്നും കാലടി സർവ്വകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിനിതയുടെ നിയമനത്തിൽ ഗവർണർ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും രണ്ട് ദിവസം കൊണ്ട് മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പരാതിയുമായി രംഗത്തെത്തിയ വിഷയ വിദഗ്ധർക്കെതിരെ വൈസ് ചാൻസലർ രം​ഗത്തെത്തി. അവർ ചെയ്തതിന് വിരുദ്ധമായി സംസാരിക്കുന്നു. ആരുടെയെങ്കിലും പേര് പറയാനല്ല വിഷയ വിദഗ്ധരെ നിയോഗിച്ചിരിക്കുന്നതെന്നും അവർ പറയുന്നയാൾക്കല്ല നിയമനം നൽകുകയെന്നും വിസി പ്രതികരിച്ചു. ഉദ്യോഗാർത്ഥിയ്ക്ക് വിഷയത്തിൽ ജ്ഞാനമുണ്ടോയെന്ന് സെലക്ഷൻ കമ്മിറ്റിയെ ബോധ്യപ്പെടുത്താൻ സഹായിക്കുന്നതിനാണ് വിഷയ വിദഗ്ധരെ വെക്കുന്നത്. സെലക്ഷൻ കമ്മിറ്റി ഒന്നിച്ചാണ് തീരുമാനം എടുക്കുക. ഇൻ്റർവ്യൂ ബോർഡിലെ മറ്റുള്ളവരും വിഷയ വിദഗ്ധർ തന്നെയാണ്. മാർക്ക് ലിസ്റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ അപ്പോൾ ഹാജരാക്കുമെന്നും ധർമരാജ് അടാട്ട് പ്രതികരിച്ചു. പരാതി ഉന്നയിച്ചവർ റാങ്ക് ലിസ്റ്റിൽ ഒപ്പിട്ടതാണെന്നും വൈസ് ചാൻസലർ പറഞ്ഞു. 

നിനിതയെ നേരിട്ട് അറിയില്ല. രാജേഷിൻ്റെ ഭാര്യയാണെന്ന കാര്യവും അറിഞ്ഞിരുന്നില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. അഭിമുഖ ദിവസമാണ് നിനിതയെ ആദ്യം കാണുന്നത്. വിഷയ വിദഗ്ധർ അയച്ച കത്ത് സർവ്വകലാശാല ചോർത്തിയിട്ടില്ല. ഞാൻ മെയിൽ ഓപ്പൺ ചെയ്യുന്നതിന് മുൻപ്  നിനിതയ്ക്ക് കത്ത് കിട്ടിയിരുന്നു. നിനിതയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗീതയുടെ നിയമനവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയ്ക്ക് ഒരു കത്തും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ വിഷയത്തിൽ മറുപടി പറയേണ്ട കാര്യമില്ല. നിയമന വിവാദങ്ങൾ ഇനിയും വന്നേക്കാം. 2018 ലെ യുജിസി ചട്ടം അനുസരിച്ചാണ് എല്ലാ നിയമനവും. പിഎച്ച്ഡി വിവാദത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. എസ് സി എസ് ടി അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 

click me!