കവളപ്പാറ ഉരുൾപ്പൊട്ടൽ: മൂന്ന് മൃതദേഹം കിട്ടി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

By Web TeamFirst Published Aug 9, 2019, 5:10 PM IST
Highlights

മണ്ണിൽ പുതഞ്ഞ വീട്ടിൽ നിന്നാണ് മൂന്ന് മൃതദേഹം വീണ്ടെടുത്തത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും പുറത്തിറങ്ങാൻ പോലും കഴിയാത്ത അത്ര മോശം കാലാവസ്ഥയാണ് കവളപ്പാറയിലെ ദുരന്തഭൂമിയിൽ

മലപ്പുറം: വലിയ ഉരുൾപ്പൊട്ടൽ ഉണ്ടായ മലപ്പുറം നിലമ്പൂരിന് സമീപത്തെ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തിരച്ചിൽ നിര്‍ത്തിയത്. രണ്ടാൾപ്പൊക്കത്തിൽ മണ്ണ് വന്ന് നിറഞ്ഞ നിലയിലാണ് പ്രദേശമാകെ. അമ്പതോളം വീടുകളാണ് മണ്ണിനടിയിൽ ഉള്ളത്. ഇതിനിടയിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്ന തരത്തിലുള്ള ഭീതിതമായ അവസ്ഥയാണ് കവളപ്പാറയിൽ ഉള്ളത്. 

എന്നാൽ കനത്ത മഴയും അതുപോലെ തന്നെ കാലു നിലത്ത് വച്ചാൽ താഴ്ന്ന് പോകുന്ന അവസ്ഥയും ഉണ്ട്. അതുകൊണ്ട് സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അടക്കം പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. മണ്ണിൽ പുതഞ്ഞുപോയ റോഡരികിലെ ഒരു വീട്ടിൽ നിന്നാണ് ഇപ്പോൾ മൂന്ന് മൃതദേഹം കണ്ടെടുത്തത്. 

തുടര്‍ന്ന് വായിക്കാം: കണ്ണീരണിഞ്ഞ് കവളപ്പാറ: രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎല്‍എ; 30 വീടുകള്‍ മണ്ണിനടിയിൽ, എന്‍ഡിആര്‍എഫ് സംഘം ഉടനെത്തും

ഇനി രക്ഷാ പ്രവര്‍ത്തനം എങ്ങനെ തുടരണം എന്നതിനെ കുറിച്ച് പോലും ഒരു ഊഹവും ഇല്ലാത്ത അവസ്ഥയിലാണ് അധികൃതര്‍ ഇപ്പോഴുള്ളത്. കനത്ത മഴ പെയ്യുകയാണ് . മണ്ണ് ഊര്‍ന്ന് വീഴുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് സംഘം കവളപ്പാറയിൽ കണ്ടത്:

ഇന്നലെ രാത്രി എട്ടരയോടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. അതിന് മൂന്ന് ദിവസം മുമ്പെ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായും ഇല്ലാതായിട്ട് ദിവസങ്ങളായി. പ്രദേശത്തേക്കുള്ള വഴിയിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ട നിലയിലാണ്. ആര്‍ക്കും അവിടേക്ക് എത്തിപ്പെടാനായില്ലെന്ന് മാത്രമല്ല അവിടെ സംഭവിച്ച ദുരന്തം പുറം ലോകം അറിയാനും ഏറെ സമയമെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് ആദ്യമായി കവളപ്പാറയിലെത്തി അവിടത്തെ ദൈന്യതയാര്‍ന്ന ചിത്രം പുറം ലോകത്തെ അറിയിച്ചത്. 

 

click me!