കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം; സർക്കാര്‍ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി, രൂക്ഷ വിമര്‍ശനം

By Web TeamFirst Published Jul 16, 2022, 3:17 PM IST
Highlights

സർക്കാരിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾ തൃപ്തികരമല്ല. ദുരന്തഭൂമി പഴയ നിലയിലാക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

കൊച്ചി: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സർക്കാരിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി, ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് വ്യക്തമാക്കി. മൂന്ന് ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ കേസിൽ സ്വമേധയാ കക്ഷി ചേർത്തു. കേസ് ജൂലൈ 27ന് വീണ്ടും പരിഗണിക്കും.

പുനരവധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമല്ലെന്ന് കാണിച്ച് ദുരന്തബാധിതർ സർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ദുരന്തഭൂമി പഴയ നിലയിലാക്കാൻ ഇതുവരെ എന്ത് ചെയ്തു എന്നാണ് കോടതിയുടെ ആദ്യത്തെ ചോദ്യം. ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് എന്ത് നടപടികൾ എടുത്തുവെന്നും ഭൂമി പഴയ നിലയിലാക്കാൻ കഴിയില്ലെങ്കിൽ എന്ത് ചെയ്യാൻ സാധിക്കുമെന്നും ഹൈക്കോടതി ചോദിക്കുന്നു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകൻ ഈ മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകണം എന്നാണ് നിര്‍ദ്ദേശം. 

അങ്ങിങ്ങ് ചില പുനരവധിവാസ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ മറ്റൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ദുരന്തഭൂമി പഴയ നിലയിലാക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. പലവട്ടം സർക്കാരിന്‍റെ വിശദീകരണം തേടിയിട്ടും കൃത്യമായ മറുപടിയില്ല. ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

2019 ഓഗസ്റ്റ് 8 ന് രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് നിലമ്പൂരിന് അടുത്ത കവളപ്പാറയെന്ന ഗ്രാമം സാക്ഷിയായത്.മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും തകർന്നതിനാൽ കവളപ്പാറയിലെ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. 12 മണിക്കൂറിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തവാർത്ത പുറം ലോകമറിഞ്ഞത്. 11 പേരെ ഇന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് ദുരന്തത്തിന്‍റെ വ്യാപ്തി എത്രമാത്രം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നു. 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തം നടന്ന് മൂന്ന് വർഷം തികയാറാകുമ്പോഴും കവളപ്പാറയിലെ പുനരധിവാസ പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 

ദുരന്തത്തിനിരയായവരും പ്രദേശത്ത് നിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടവരുമടക്കം 108 പേർക്കാണ് സർക്കാർ പുനരധിവാസം നിശ്ചയിച്ചിരുന്നത്. മൂന്ന് വർഷം തികയാറാകുമ്പോഴും പുനരധിവാസം ഇനുയും പൂർത്തിയായിട്ടില്ല. ജനറൽ വിഭാഗത്തിൽ പെട്ടവർക്കുള്ള 24 വീടുകളുടെയും ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്കുള്ള 32 വീടുകളുടെയും നിർമാണം പാതിവഴിയിലാണ്. 

click me!