
ആലപ്പുഴ: കായംകുളത്തെ യുവാവിന്‍റെ മരണത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ്. ആള്‍ക്കൂട്ട മര്‍ദനത്തെതുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍. യുവാവിനെ അയൽവാസികള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശി 49 കാരനായ സജിയെന്ന ഷിബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തി ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജിയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊല്ലപ്പെട്ട തിരുവനന്തപുരം കാരക്കോണം സ്വദേശി സജിയെന്ന ഷിബു വർഷങ്ങളായി കായംകുളം ചേരാവള്ളിയിലാണ് താമസം.
അയൽവാസിയായ രണ്ട് വയസുകാരന്‍റെ കൈചെയ്ൻ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മർദനം. ഇന്നലെ രാത്രി കുട്ടിയുടെ പിതാവ് ഉൾപ്പടെ ഉള്ളവർ ചേർന്ന് വീടിന്‍റെ പരിസരത്തു വെച്ച് സജിയെ മർദിക്കുകയായിരുന്നു. മർദനമേറ്റ സജി കുഴഞ്ഞു വീണു. നാട്ടുകാർ പ്രാഥമിക ചികിത്സ നൽകി ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള ആളാണ് സജി. പ്രതികൾ സജിയുടെ നെഞ്ചത്ത് ഇടിച്ചും ചവിട്ടിയും പരിക്കേല്പിച്ചു എന്ന് പൊലിസ് എഫ് ഐ ആറിൽ പറയുന്നുണ്ട്. മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാകു.