Kazakhstan: പാചകവാതക വില ഇരട്ടിയാക്കിയതിന് കലാപം; കസാഖിസ്ഥാനിൽ കുടുങ്ങി മലയാളികൾ, ഇടപെടൽ ആവശ്യപ്പെട്ട് സതീശന്‍

By Web TeamFirst Published Jan 9, 2022, 12:30 PM IST
Highlights

പാചകവാതക വില ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് കസാഖിസ്ഥാനിൽ കലാപമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. 

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ കസാഖിസ്ഥാനിൽ (Kazakhstan Unrest) കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ (Keralites) ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ നാട്ടിലെത്തിക്കാനും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (Opposition Leader V D Satheesan) കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് ( S Jaisankar) കത്തയച്ചു. പാചകവാതക വില ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് കസാഖിസ്ഥാനിൽ കലാപമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. 

കലാപം രൂക്ഷമായതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്ത്യക്കാര്‍ കസാഖിസ്ഥാനിലുണ്ട്. ഇതില്‍ ഏറെയും മലയാളികളാണ്. ജോലി തേടിയെത്തിയവരെ കൂടാതെ നിരവധി മലയാളി വിദ്യര്‍ഥികളുമുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയതോടെ ഇവര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളുമായി സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.

ഇവരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും അടിയന്തരമായി ഇടപെടണമെന്നും ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ ഹെല്‍പ് ഡെസ്‌ക് ഉടന്‍ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എൽപിജി വില നിയന്ത്രണം സർക്കാർ എടുത്തു കളഞ്ഞതോടെയാണ് മധ്യ ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ കലാപം തുടങ്ങിയത്. വാഹനങ്ങളിൽ വ്യാപകമായി എൽപിജി ഉപയോഗിക്കുന്ന രാജ്യത്ത് വില ഇരട്ടി ആയതോടെ ജനക്കൂട്ടം തെരുവിലിറങ്ങി. സമരം അതിവേഗം കലാപമായി. ലോകത്തെ എണ്ണ നിക്ഷേപത്തിന്റെ മൂന്നു ശതമാനം കൈവശമുള്ള എണ്ണ സമ്പന്ന രാജ്യത്താണ് ഇന്ധനവിലയുടെ പേരിൽ കലാപം നടക്കുന്നത്. 

click me!